NATIONAL

പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്. ജയ്ഷ്-ഇ-മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ ഇന്ത്യയ്ക്ക് 40 ധീര ജവാന്മാരെയാണ് നഷ്ടമായത്. 2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15, അവധി കഴിഞ്ഞ് മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്നു. വാഹനങ്ങൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപൂരിന് സമീപം എത്തിയപ്പോൾ അപ്രതീക്ഷിത ആക്രമണം.


ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ആണ് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറിയത്. ഉഗ്രസ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെ എത്തിയ ബസുകൾക്കും സ്ഫോടനത്തിൽ കേടുപാടുകൾ പറ്റി. പൂർണമായി തകർന്ന 76 ആം ബറ്റാലിയന്റെ ബസിൽ 40 പേരാണുണ്ടായിരുന്നത്.
വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷ്-ഇ-മുഹമ്മദ് ചാവേറിൻ്റെ വിഡിയോ പുറത്തുവിട്ടു. ആക്രമണത്തിന് തൊട്ടു മുമ്പ് ചിത്രീകരിച്ച വിഡിയോയിൽ എകെ 47 തോക്കുമായാണ് ചാവേർ നിൽക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പായിരുന്നു ആക്രമണം എന്നതുകൊണ്ടുതന്നെ രാഷ്ട്രീയമായും സംഭവം ഏറെ ചർച്ചചെയ്യപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം പന്ത്രണ്ടാം ദിനമാണ് തിരിച്ചടിയായി പാകിസ്താനിലെ ബാലകോട്ടിലുള്ള ഭീകര പരിശീലന കേന്ദ്രം ഇന്ത്യ മുന്നിൽ ആക്രമണത്തിൽ തകർത്തത്.
പുൽവാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഉമ്മർ ഫാറൂഖ്, സ്ഫോടകവസ്തു വിദഗ്ധനായ കമ്രാൻ എന്നിവർ 2020 മാർച്ച് 29 സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പുൽവാമ ആക്രമണത്തിന്റെ പ്രതിപട്ടികയിലുള്ള ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ മരുമകനാണ് ഉമർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button