പുലിക്കളി നാളെ; സഹായം കൂട്ടി കോർപ്പറേഷൻ
തൃശ്ശൂർ: ഞായറാഴ്ച നടക്കുന്ന പുലിക്കളിക്ക് കോർപ്പറേഷൻ നൽകുന്ന സഹായധനം വർദ്ധിപ്പിച്ചതായി മേയർ എം.കെ. വർഗീസ്. സഹായധനം ഈ വർഷം 50,000 രൂപ കൂട്ടി രണ്ടു ലക്ഷം രൂപയാക്കി. മുൻകൂറായി ഒരു ലക്ഷം രൂപ ടീമുകൾക്ക് കൈമാറി. ഒരു സംഘത്തിനുള്ള 120 ലിറ്റർ മണ്ണെണ്ണയും അനുവദിച്ചിട്ടുണ്ടെന്ന് മേയർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പുലിക്കളിസംഘങ്ങളുടെ നിശ്ചലദൃശ്യ വാഹനങ്ങൾ കടന്നുവരുന്ന പ്രധാനവഴികളിലെയും സ്വരാജ് റൗണ്ടിലെയും മരച്ചില്ലകളും തടസ്സങ്ങളും പൂർണമായി നീക്കി. സ്വരാജ് റൗണ്ടിൽ വെളിച്ചം കുറവുള്ള സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്നുണ്ട്.
ഒരു പുലിക്കളിസംഘത്തിൽ 35 മുതൽ 51 വരെ പുലികളും ഒരു നിശ്ചലദൃശ്യവും ഉണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ വർഷം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവരുടെ സമ്മാനത്തുക 10,000 രൂപ വീതം വർദ്ധിപ്പിച്ചു. സമ്മാനത്തുക യഥാക്രമം 50,000, 40,000, 35,000 എന്നിങ്ങനെയായിരിക്കും. ട്രോഫിയും ഉണ്ടായിരിക്കും. ഒന്നാം സമ്മാനത്തോടൊപ്പം ലഭിക്കുന്ന ഏഴടി ഉയരമുള്ള ട്രോഫിയാണ് ഈ വർഷത്തെ പ്രത്യേകത.
നിശ്ചലദൃശ്യങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 35,000, 30,000, 25,000 രൂപയും ട്രോഫിയുമാണ് സമ്മാനം. മികച്ച പുലിക്കൊട്ടിനും പുലിവേഷത്തിനും 7500 രൂപയും ട്രോഫിയും സമ്മാനമായി നൽകും. അച്ചടക്കം പാലിക്കുന്ന ടീമിന് 12,500 രൂപയും ട്രോഫിയുമാണ് നൽകുക.
മികച്ച പുലിവണ്ടിക്കു കൂടി സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്ന്, രണ്ട് സ്ഥാനങ്ങൾക്ക് യഥാക്രമം 10,000, 5000 രൂപയാണ് കാഷ് അവാർഡ്. ട്രോഫിയും ഉണ്ട്. പൊതുജനങ്ങൾക്കായി സൗജന്യ കുടിവെള്ള വിതരണവും മെഡിക്കൽ സഹായവും ആംബുലൻസും സജ്ജീകരിച്ചിട്ടുണ്ട്. സമ്മാനവിതരണം ടൂറിസം വകുപ്പും ഡി.ടി.പി.സി.യും കോർപ്പറേഷനും ജില്ലാ ഭരണകൂടവും ചേർന്ന നടത്തുന്ന ഓണാഘോഷവേദിയിൽ നടക്കുമെന്നും മേയർ അറിയിച്ചു.