പുറംലോകം കണ്ടും പൊതു സ്ഥാപനങ്ങൾ അടുത്തറിഞ്ഞും അവർ നാടുചുറ്റി

പൊന്നാനി: അഗ്നിരക്ഷ സേനയുടെ യൂനിഫോം ധരിച്ച് തലയിൽ ഹെൽമറ്റ് വെച്ചപ്പോൾ പുതിയൊരു ലോകത്തെത്തിയ പ്രതീതിയായിരുന്നു ജിബ്രാന്. ഭിന്നശേഷി വിദ്യാർഥിയായ ജിബ്രാന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം. വീടും വിദ്യാലയവും മാത്രം പരിചിതമായ കുട്ടികൾക്കെല്ലാം പുതിയ ആവേശവും അനുഭൂതിയും നിറഞ്ഞ നിമിഷങ്ങൾക്കാണ് അവസരമൊരുക്കിയത്.
സമഗ്ര ശിക്ഷ കേരള പൊന്നാനി യു.ആർ.സിയു ടെ ആഭിമുഖ്യത്തിലാണ് ഭിന്നശേഷി കുട്ടികൾക്കായി പൊതുസ്ഥാപനങ്ങളെ പരിചയപ്പെടുത്താ നായി ‘ദിശ’ എന്ന പേരിൽ പഠനയാത്ര സംഘടി പ്പിച്ചത്. തൃക്കാവ് മാർജിൻ ഫ്രീ മാർക്കറ്റ്, പൊന്നാനി ഹെഡ് പോസ്റ്റ് ഓഫിസ്, കെ.എസ്.ആർ.ടി.സി ഡിപ്പോ, പൊലീസ് സ്റ്റേഷൻ, അഗ്നിരക്ഷ നിലയം, താലൂക്ക് ഓഫിസ് എന്നിവ സന്ദർശിച്ചു.ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ യാത്രയുടെ
ഉദ്ഘാടനം പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ബി.പി.സി ഡോ.ഹരിയാനന്ദ കുമാർ അധ്യക്ഷത വഹിച്ചു. അയൂബ് ഖാൻ, ട്രെയിനർ സുശീൽ കുമാർ, സ്പെഷൽഎജുക്കേറ്റർ പ്രജോഷ് എന്നിവർ സംസാരിച്ചു.
