പുനർനിർമാണം നടത്തിയ റോഡ് തകർന്നു;ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം


പൊന്നാനി: ശുദ്ധജല പൈപ്പ് സ്ഥാപിക്കാൻ പൊളിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും ധൃതിയിൽ പുനർനിർമാണം നടത്തിയ റോഡ് ജലഅതോറിറ്റി പൊളിക്കുന്നതിനു മുൻപേ പൊളിഞ്ഞു. ജല അതോറിറ്റി നൽകിയ കത്ത് മറച്ചുവച്ച് പൊന്നാനി–നരിപ്പറമ്പ്–തവനൂർ റോഡിൽ നരിപ്പറമ്പുവരെ നടത്തിയ നിർമാണമാണ് മാസങ്ങൾക്കുള്ളിൽ തകർന്നത്. ജല അതോറിറ്റി പൊളിക്കുമെന്നറിഞ്ഞ് തട്ടിക്കൂട്ട് പണി നടത്തി പണം തട്ടാനുള്ള നീക്കമാണ് സംഭവത്തിനു പിന്നിലെന്ന ആരോപണം ശക്തമായിരിക്കുകയാണ്. 4 മാസം പിന്നിട്ടപ്പോഴേക്കും റോഡ് തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായി.
പുനർനിർമാണത്തിന് 1.65 കോടി രൂപയാണ് ചെലവഴിച്ചത്. ജൽജീവൻ പദ്ധതിയുടെ ഭാഗമായി മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലേക്ക് ശുദ്ധജലമെത്തിക്കാൻ പമ്പ് ഹൗസിൽ നിന്നുള്ള പ്രധാന പൈപ്പ് ഇൗ റോഡിലൂടെ കൊണ്ടുപോകേണ്ടതുണ്ട്. റോഡ് ഉടൻ പൊളിക്കേണ്ടി വരുമെന്ന് ജല അതോറിറ്റി അറിയിച്ചിരുന്നു.നരിപ്പറമ്പിൽ നിന്ന് നിർമാണം തുടങ്ങുമ്പോൾ തന്നെ കത്ത് നൽകിയിരുന്നുവെന്നാണ് ജലഅതോറിറ്റി അധികൃതർ വ്യക്തമാക്കിയത്. ഇൗ കത്ത് വകവയ്ക്കാതെ നിർമാണം മുന്നോട്ടു കൊണ്ടുപോയി. അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് പണി നിർത്തി വച്ചത്. തിടുക്കപ്പെട്ട് നിർമാണം നടത്തിയ ഭാഗങ്ങളിലാണ് റോഡ് പൊളിഞ്ഞു തുടങ്ങിയത്. റോഡിൽ കുഴികൾ രൂപപ്പെട്ട് വാഹനങ്ങൾക്ക് അപകട ഭീഷണിയായി.
