‘പുനർഗേഹം’ പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് സമുച്ചയം കൈമാറി

തിരൂർ: നാട് പ്രതിസന്ധിനേരിട്ട ഘട്ടത്തിൽ സ്വജീവൻപോലും നോക്കാതെ രക്ഷയ്ക്കെത്തിയ മത്സ്യത്തൊഴിലാളികൾക്കായി എന്തു നൽകിയാലും അധികമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വേലിയേറ്റമേഖലയിൽ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുന്ന സർക്കാരിന്റെ ‘പുനർഗേഹം’ പദ്ധതിപ്രകാരം ഉണ്യാലിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വലിയ കടൽത്തീരം ഉള്ളതുകൊണ്ടുതന്നെ കേരളത്തിലെ കടൽ പല ഭാഗത്തും കരയെടുക്കുന്നു. കടലാക്രമണംനേരിടുന്ന പ്രശ്നവുമുണ്ട്. ഇതിനായി പ്രതിരോധനടപടികൾ സ്വീകരിക്കും. സംസ്ഥാനത്തിന്റെ വിഭവശേഷികൊണ്ടുമാത്രം പദ്ധതികൾ പൂർത്തിയാക്കാൻ കഴിയില്ല. കേന്ദ്രസർക്കാരിന്റെ സഹായം ആവശ്യമാണ്.
തീരദേശ സംരക്ഷണത്തിനായി തീരദേശ സംരക്ഷണ പാക്കേജ് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നൂവെങ്കിലും പല കാര്യങ്ങളിലും ഉള്ളതുപോലെത്തന്നെ വേണ്ട പരിഗണന ലഭിച്ചില്ല. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവശേഷി വെച്ചാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിൽനിന്ന് കിട്ടുന്ന വലിയ സമ്മാനമാണ് ഫ്ലാറ്റ് സമുച്ചയമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് ശിലാഫലകം അനാച്ഛാദനംചെയ്തു. ഫ്ലാറ്റുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി.
നിറമരുതൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി, ജില്ലാ പഞ്ചായത്തംഗം വി.കെ.എം. ഷാഫി, മത്സ്യഫെഡ് ഭരണസമിതി അംഗം പി.പി. സൈതലവി, നിറമരുതൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജിമോൾ കാവീട്ടിൽ, താനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നാസർ പോളാട്ട്, കെ. പ്രേമ, തിരൂർ അർബൻ കോ-ഒാപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ. ജയൻ, ഉത്തരമേഖലാ ഫിഷറീസ് ജോ. ഡയറക്ടർ ബി.കെ. സുധീർ കിഷൻ തുടങ്ങിയവർ പങ്കെടുത്തു.
പൂർത്തിയായത് 16 വീടുകൾ
: നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാലിൽ തീരദേശ ഹൈവേയ്ക്ക് സമീപം ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള 30 സെന്റ് സ്ഥലത്ത് 2.10 കോടി രൂപ ചെലവിൽ ഹാർബർ എൻജിനിയറിങ് വകുപ്പാണ് ഫ്ലാറ്റുകളുടെ നിർമാണം പൂർത്തീകരിച്ചത്. സാഫല്യം കോംപ്ലക്സ് എന്ന പേരിൽ രണ്ടു ബ്ലോക്കുകളിലായി പതിനാറു വീടുകളാണുള്ളത്. ഒരു വീടിന് 13.5 ലക്ഷമാണ് നിർമ്മാണച്ചെലവ്. രണ്ടു ബെഡ്റൂം, ഹാൾ, അടുക്കള, ശൗചാലയം എന്നിവ ഉൾപ്പെടുന്ന വീട്ടിൽ വൈദ്യുതികണക്‌ഷൻ, കുടിവെള്ളം, 500 ലിറ്റർ വാട്ടർ ടാങ്ക്, കുഴൽക്കിണർ തുടങ്ങിയവയുണ്ട്













