പുതിയ സിനിമാ നയം കൊണ്ടുവന്ന് സംസ്ഥാന സർക്കാർ
സിനിമാ വ്യവസായം കോടികൾ മറിയുന്ന രംഗമാണെങ്കിലും അതിന് നിയതമായ ഒരു ചട്ടക്കൂടോ നയമോ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാർ ഇതാദ്യമായി ഒരു സിനിമാ നയത്തിന് രൂപം നൽകിയിരിക്കുന്നു. ഒരു സിനിമ പരാജയപ്പെടുമ്പോൾ അതിന്റെ നഷ്ടം പൊതുവെ ജനസമൂഹത്തെ ബാധിക്കാറില്ല. സിനിമയുടെ നിർമ്മാതാക്കളിൽ മാത്രമായി ആ നഷ്ടം ഒതുങ്ങിനിൽക്കുന്നു. സിനിമ നിർമ്മിച്ച് കൈപൊള്ളിയവർ പോലും വീണ്ടും സിനിമ നിർമ്മിക്കാൻ തയ്യാറാകുന്ന ഒരു പ്രത്യേകത കൂടി ഈ രംഗത്തിനുണ്ട്. സിനിമ നൽകുന്ന പ്രശസ്തിയും ഗ്ളാമറുമാണ് അതിനിടയാക്കുന്നത്. ഒരു വർഷം നൂറോളം ചിത്രങ്ങൾ ഇറങ്ങുമ്പോൾ അതിൽ വിജയിച്ച് മുടക്കുമുതലും ലാഭവും തിരിച്ചുപിടിക്കുന്നവ ഒരു ഡസനിലധികം വരില്ല. കോടിക്കണക്കിന് രൂപ ഒരു വർഷം വിനോദ നികുതിയിനത്തിൽ സർക്കാരിന് നേടിക്കൊടുക്കുന്ന ഒരു വ്യവസായം കൂടിയാണിത്. അതിനാൽ സിനിമാരംഗം ആരോഗ്യകരമായി നിലനിൽക്കേണ്ടതും മുന്നോട്ട് പോകേണ്ടതും സർക്കാരിന്റെ കൂടി ഉത്തരവാദിത്വത്തിൽപ്പെടുന്ന സംഗതിയാണ്.നൂറ്റാണ്ടുകളായി പ്രകടമായ പുരുഷാധിപത്യം നിലനിൽക്കുന്ന രംഗമാണിത്. പുരുഷ താരങ്ങളുടെ മൂല്യത്തിനനുസരിച്ചാണ് സിനിമയുടെ വിൽപ്പന ചാഞ്ചാടുന്നത്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ശമ്പളത്തിന്റെ വ്യത്യാസം തന്നെ ഈ മേഖലയിൽ പുരുഷന്മാർക്ക് ലഭിക്കുന്ന പ്രാമുഖ്യവും ആധിപത്യവും തെളിയിക്കുന്നതാണ്. സിനിമാ സംഘടനകളുടെയൊക്കെ ആവിർഭാവത്തിന് ശേഷം കരാർ വ്യവസ്ഥ പ്രകാരമുള്ള തുകകൾ വിവിധ വിഭാഗങ്ങൾക്ക് ലഭിച്ചുവരുന്നുണ്ട്. എന്നിരുന്നാലും വനിതകളുടെ ശബ്ദത്തിന് വളരെ കുറഞ്ഞ പരിഗണന മാത്രം ലഭിക്കുന്ന ഒരു മേഖല കൂടിയാണിതെന്ന് പറയാതിരിക്കാനാവില്ല. തൊഴിൽ നിയമങ്ങൾക്കനുസരിച്ച് അവകാശങ്ങൾ സംരക്ഷിക്കുമെന്നും അതിനൊപ്പം തന്നെ സിനിമാ സിനിമാ മേഖലയിൽ ലിംഗ സമത്വം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ച സിനിമാ നയത്തിൽ പറയുന്നു.ദീർഘകാലമായി സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരുടെ ആവശ്യങ്ങൾ ക്രോഡീകരിച്ചാണ് നയത്തിന് രൂപം നൽകിയിരിക്കുന്നത്. സുതാര്യമായി കരാർ വ്യവസ്ഥകൾ നടപ്പാക്കണം, തൊഴിൽപരമായ പ്രശ്നങ്ങളും പ്രത്യേകിച്ച് ലിംഗപരമായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കുന്നതിന് പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും നയത്തിൽ പറയുന്നു. സിനിമാ വ്യവസായത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉന്നതതല കൗൺസിൽ സ്ഥാപിക്കുക, സ്കൂൾ പാഠ്യപദ്ധതിയിൽ ചലച്ചിത്ര പഠനം ഉൾപ്പെടുത്തുക, സിനിമയ്ക്കുള്ള സുരക്ഷാ പ്രോട്ടോക്കോൾ വെബ് സീരിസുകൾക്കും ടെലി സീരിയലുകൾക്കും ബാധകമാക്കുക തുടങ്ങിയ ശുപാർശകളും സർക്കാർ അംഗീകരിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി നൽകിയ ശുപാർശകളും സിനിമാ സംഘടനകളുടെയും ചലച്ചിത്ര കോൺക്ളേവിന്റെയും നിർദ്ദേശങ്ങളും പരിഗണിച്ചാണ് നയം അന്തിമമാക്കിയത്.വിവിധ അപകട സാദ്ധ്യതകൾ ഉള്ളതിനാൽ സിനിമാ പ്രവർത്തകർക്കായി സമഗ്ര ഇൻഷ്വറൻസ് പദ്ധതി സ്ഥാപിക്കാനും നയം വ്യവസ്ഥ ചെയ്യുന്നു. നിർദ്ദിഷ്ട പദ്ധതിയിൽ ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ്, അപകട ഇൻഷ്വറൻസ് എന്നിവ ഉറപ്പാക്കണം. ഫിലിം ഡവലപ്മെന്റ് ഫണ്ട് എന്ന പേരിൽ ചലച്ചിത്ര വികസന ഫണ്ട് രൂപീകരിക്കാനും നയത്തിൽ നിർദ്ദേശമുണ്ട്. വിവിധ പ്രൊമോഷണൽ, ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് ഇത് ഉപയോഗിക്കേണ്ടത്. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം, വൻകിട പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നുള്ള സംഭാവനകൾ തുടങ്ങിയവയിലൂടെ സർക്കാരിന് ഫണ്ടിന്റെ സ്രോതസ് കണ്ടെത്താം. ആദ്യഘട്ടത്തിൽ സർക്കാർ പത്തുകോടി രൂപ നൽകും.തദ്ദേശ സ്വയംഭരണ വകുപ്പ്, ജി.എസ്.ടി കൗൺസിൽ എന്നിവയുമായി കൂടിയാലോചിച്ച് സിനിമാ ടിക്കറ്റിന്റെ വിനോദ നികുതി ഒഴിവാക്കാനും സർക്കാർ അംഗീകരിച്ച സിനിമാ നയത്തിൽ ശുപാർശയുണ്ട്. നയത്തിൽ പറയുന്ന കാര്യങ്ങൾ അതേപടി കാര്യക്ഷമമായി നടപ്പായാൽ സിനിമാ മേഖലയിൽ പുതിയ ഉണർവ് ഉണ്ടാകുമെന്ന് ന്യായമായും പ്രതീക്ഷിക്കാം