പിഎസ്ജിയുമായി ഉടക്ക്; എംബാപ്പെ ജനുവരിയിൽ ക്ലബ് വിട്ടേക്കും


സൂപ്പർ താരം കിലിയൻ എംബാപ്പെ ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജർമൻ വിട്ടേക്കുമെന്ന് സൂചന. താരം പിഎസ്ജിയുമായി അസ്വാരസ്യത്തിലാണെന്നും ജനുവരിയിലെ താരക്കൈമാറ്റ ജാലകത്തിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് ചേക്കേറും എന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ മെയിലാണ് റെക്കോർഡ് തുകയ്ക്ക് എംബാപ്പെ പിഎസ്ജിയുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടത്. എംബാപ്പെയ്ക്ക് റയലിലേക്ക് പോകാനാണ് താത്പര്യമെങ്കിലും പിഎസ്ജി പരിഗണിക്കുന്നത് ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനെയാണെന്ന് മാഴ്സ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ മുതൽ തന്നെ പിഎസ്ജിയും എംബാപ്പെയും തമ്മിലുള്ള ബന്ധം വഷളാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ക്ലബിലെ പരമാധികാരം തനിക്ക് ലഭിക്കണമെന്നും ബ്രസീൽ സൂപ്പർ താരം നെയ്‌മറെ റിലീസ് ചെയ്യണമെന്നുമൊക്കെ എംബാപ്പെ ആവശ്യപ്പെടുന്നതായി സൂചനകൾ വന്നു. ഇതിനു പിന്നാലെയാണ് താരം ക്ലബ് വിടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.













