രമേശ് ചെന്നിത്തലക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് കെ.പി.സി.സി നേതൃത്വം. നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് രമേശ് ചെന്നിത്തല പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നാണ് ആക്ഷേപം. ലോകായുക്ത നിയമ ഭേദഗതിയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനം രമേശ് ചെന്നിത്തല നടത്തിയത് നേതൃത്വത്തോട് ആലോചിക്കാതെയാണ്. ഇത് മുന്‍ഗാമികളുടെ രീതിയല്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിമർശനം. അതൃപ്തി രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിക്കും. പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും കൂടിയാലോചിച്ച ശേഷം പറയേണ്ട കാര്യങ്ങള്‍ ചെന്നിത്തല മാധ്യമങ്ങളിലൂടെ സ്വയം പ്രഖ്യാപിക്കുന്നു എന്നാണ് ആക്ഷേപം. കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അതൃപ്തി ചെന്നിത്തലയെ നേരിട്ട് അറിയിക്കും. ചെന്നിത്തല സ്വയം പ്രതിപക്ഷ നേതാവിനെ പോലെ പെരുമാറുന്നുവെന്നാണ് ആക്ഷേപം.
കെ.പി.സി.സി പുനസംഘടനാ വിഷയം വന്നപ്പോള്‍ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിയ്ക്കും അവര്‍ ആഗ്രഹിച്ച പോലെ ഗ്രൂപ്പ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ഘട്ട പുനസംഘടനാ ചര്‍ച്ചയില്‍ ഇരുവരെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായതോടെയാണ് അയഞ്ഞത്. എന്നാല്‍ നിയമസഭയില്‍ സ്വീകരിക്കാന്‍ പോകുന്ന നയപരമായ തീരുമാനങ്ങള്‍ പോലും പ്രതിപക്ഷ നേതാവ് പറയും മുന്‍പ് ചെന്നിത്തല പ്രഖ്യാപിക്കുന്നതോടെ ചെന്നിത്തലയും നേതൃത്വവും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയാണ്.