പട്ടാമ്പി: ടൗണിൽ വണ്ടി നിർത്തി ഒരു കടയിൽ കയറിയാൽ പോലീസ് പിഴ ചുമത്തി ദ്രോഹിക്കുകയാണെന്ന് വ്യാപാരികൾ. ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ്.
തീവ്രമഴയും പ്രളയവും പാലം അടച്ചിട്ടതും
റോഡ് തകർച്ചയും മൂലം വ്യാപാര മാന്ദ്യം നേരിടുന്ന പട്ടാമ്പിയിലെ വ്യാപാരികൾ പോലീസ് നിലപാടിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ്. പാർക്കിങ്ങിന്റെ പേരിൽ നിരന്തരം പിഴ ചുമത്തി പൊതുജനങ്ങളെ ദ്രോഹിക്കുന്ന പൊലീസ് നടപടിക്കെതിരെ വ്യാപാരി സംഘടനകൾ സംയുക്തമായി തിങ്കളാഴ്‌ച കടകൾ അടച്ച് പ്രതിഷേധിക്കും.
പരിമിതമായ പാർക്കിങ് സൗകര്യമേ പട്ടാമ്പിയിലുള്ളൂവെന്നും, ഔദ്യോഗികമായി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിർത്തുന്ന വാഹനങ്ങൾക്ക് പോലും പിഴ ചുമത്തുകയാണെന്നും ഇതിനെതിരെയാണ് പ്രതിഷേധമെന്നും വ്യാപാരി സംഘടനാ ഭാരവാഹികൾ പറയുന്നു.
തിങ്കളാഴ്ച മേലെ പട്ടാമ്പിയിൽ സംഘടിപ്പിക്കുന്ന ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും.
വ്യാപാരി വ്യവസായി ഏകോപന സമിതി, ചേംബർ ഓഫ് കൊമേഴ്‌സ്, വ്യാപാരി വ്യവസായി സമിതി തുടങ്ങിയ സംഘടനകൾ സംയുക്തമായാണ്
പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.