Local newsMALAPPURAM

പാലേമാട്–മരുത റൂട്ടിൽ വിദ്യാർഥികൾക്ക് യാത്രാദുരിതം

എടക്കര ∙ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചതോടെ ബസുകളിൽ വിദ്യാർഥികൾക്ക് ദുരിതയാത്ര. മലയോര മേഖലയിൽ പാലേമാട് – മരുത റൂട്ടിലാണ് യാത്രാക്ലേശം കൂടുതൽ രൂക്ഷം. ബസിനുള്ളിൽ കുത്തിനിറച്ചും കോണിയിലും വാതിലിലും തൂങ്ങിപ്പിടിച്ചുമാണ് വിദ്യാർഥികൾ യാത്ര ചെയ്യുന്നത്. പലേമാട് വിവേകാനന്ദ സ്കൂൾ, കോളജ്, ടിടിസി, ബിഎഡ് സെന്ററുകൾ, നാരോക്കാവ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാർഥികളാണ് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. രാവിലെ 8 മുതൽ 9 വരെയുള്ള വിദ്യാർഥികളുടെ യാത്രാസമയത്ത് ആകെ 5 ബസുകളാണുള്ളത്. ഇതിൽ നാലെണ്ണം മിനി ബസുകളുമാണ്. സ്കൂൾ വിടുന്ന സമയത്താണെങ്കിൽ 4 മിനി ബസുകളേയുള്ളു.യാത്രക്കാരുടെ ഭാരക്കൂടുതൽ കാരണം ഒരു വശത്തേക്ക് ചെരിഞ്ഞ് ബസുകൾ പോകുന്നതു കാണുമ്പോൾ നെഞ്ചിടിപ്പാണെന്ന് നാട്ടുകാർ പറയുന്നു. സമയത്ത് ക്ലാസിലെത്താൻ മറ്റു മർഗമില്ലാത്തതിനാൽ കുട്ടികൾ തിരക്കിക്കയറുകയാണെന്നും തടയാൻ കഴിയുന്നില്ലെന്നുമാണ് ബസ് ജീവനക്കാർ പറയുന്നത്. അതേസമയം കഴിയുന്നത്ര സ്കൂൾ ബസുകൾ ഓടിക്കുന്നുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന തുകകൊണ്ട് മാത്രം ബസ്സോടിക്കാൻ സാധിക്കാത്തതിനാൽ മാനേജ്മെന്റും അധ്യാപകരും സഹായിച്ചാണ് സർവീസ് തുടരുന്നത്. സ്കൂൾ സമയത്ത് കൂടുതൽ സ്വകാര്യ ബസുകളോ കെഎസ്ആർടിസിയോ സർവീസ് ആരംഭിച്ചെങ്കിൽ മാത്രമേ ഈ റൂട്ടിൽ വിദ്യാർഥികളുടെ യാത്രാദുരിതത്തിന് പരിഹാരമാകൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button