പാലപ്പെട്ടിയിൽ കടലാക്രമണം രൂക്ഷം; അജ്‌മീർനഗറിൽ മൂന്നുവീടുകൾ തകർന്നു
പാലപ്പെട്ടി: കടലാക്രമണം കനത്തതോടെ പാലപ്പെട്ടി അജ്‌മീർനഗറിൽ മൂന്നുവീടുകൾ തകർന്നു. പാടൂക്കാരൻ ഖദീജ, വടക്കേപ്പുറത്ത് റഹ്‌മത്ത്, കള്ളികളപ്പിൽ ദൈന എന്നിവരുടെ വീടുകളാണ് തകർന്നത്. ഖദീജയുടെ വീടിന്റെ ഒരുഭാഗം കടലിലേക്ക് നിലംപൊത്തി. ദൈനയും കുടുംബവും ബന്ധുവീട്ടിലേക്ക് മാറിയിട്ടുണ്ട്. വെളിയങ്കോട് പത്തുമുറിയിലും തണ്ണിത്തുറയിലും കടലേറ്റം ശക്തമാണ്. തണ്ണിത്തുറ ജിന്നൻ കോളനിയോട് ചേർന്നു ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരുന്ന വൈദ്യുതിത്തൂണുകൾ കടലിലേക്ക് നിലംപൊത്തി. വൈദ്യുതിത്തൂണുകൾ തകരുമെന്നതിനാൽ വൈദ്യുതിബന്ധം നേരത്തെ വിച്ഛേദിച്ചതിനാൽ വലിയഅപകടം ഒഴിവായി. ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മേഖലയിൽ മാത്രം ഇരുപതോളം വീടുകൾ കടലേറ്റത്തിൽ തകരുമെന്ന ആശങ്കയിലാണ് കഴിയുന്നത്. കാപ്പിരിക്കാട് തെക്കൂട്ട് ഹനീഫയുടെ വീട് ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. പാലപ്പെട്ടി കാപ്പിരിക്കാട്, അജ്‌മീർനഗർ എന്നിവിടങ്ങളിലും വെളിയങ്കോട് കടലോരമേഖലയിലുമായി അമ്പതോളം വീടുകളാണ് തകർച്ചാഭീഷണിയിൽ കഴിയുന്നത്.അജ്‌മീർനഗറിലെ അജ്‌മീർ പള്ളിയും കാപ്പിരിക്കാട് അലിയാർ ജുമാഅത്ത് പള്ളിയും ഹിളർ പള്ളിയും കടലേറ്റത്തിൽ തകരുമെന്നസ്ഥിതിയിലാണ്. വലിയ തിരമാലകൾ ഹിളർ പള്ളിയിൽ പതിക്കുന്നുണ്ട്. അലിയാർ ജുമാഅത്ത് പള്ളിയുടെ അഞ്ച് മീറ്റർമാത്രം ദൂരത്തിലാണ് കടൽ. വർഷങ്ങളായി ഇവിടുത്തുകാർ കടൽഭിത്തിക്കായി മുറവിളികൂട്ടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ കാലവർഷമെത്തുമ്പോൾ കടൽ കാണാനെത്തി വാഗ്‌ദാനപ്പെരുമഴ ചൊരിഞ്ഞുമടങ്ങുകയാണ് പതിവ്.