ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി; വനിതാ പഞ്ചായത്തംഗം പിടിയിൽ
ഇടുക്കി: വണ്ടൻമേട് പഞ്ചായത്തംഗത്തിന്റെ ഭർത്താവിന്റെ വാഹനത്തിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസിൽ വൻ ട്വിസ്റ്റ്. ഭർത്താവിനെ കേസിൽ കുടുക്കിയ ശേഷം കാമുകനൊപ്പം ജീവിക്കുന്നതിനാണ് പഞ്ചായത്തംഗമായ സൗമ്യ അറസ്റ്റിലായത്. ഫെബ്രുവരി 22ന് സൗമ്യയുടെ ഭർത്താവ് സുനിൽ വർഗീസിന്റെ വാഹനത്തിൽ നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. കാമുകൻ വിനോദിന്റെ നിർദേശപ്രകാരം അയാളുടെ സുഹൃത്ത് ഷാനവാസാണ് സുനിലിന്റെ വാഹനത്തിൽ ഒളിപ്പിക്കാനായി എംഡിഎംഎ സൗമ്യക്ക് എത്തിച്ചുകൊടുത്തത്.
വണ്ടൻമേട് പോലീസും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ടീം അംഗങ്ങളും ചേർന്ന് സുനിൽ വർഗീസിന്റെ വാഹനത്തിൽ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ഉടമയായ സുനിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തി.
സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യ സൗമ്യ കാമുകനായ വിദേശ മലയാളി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസ് മറ്റും ചേർന്ന് നടത്തിയ പദ്ധതിയാണ് പോലീസിന്റെ സമയോചിതമായ ഇടപെടൽമൂലം പൊളിഞ്ഞത്. സുനിലിനെ കൊലപ്പെടുത്താനായിരുന്നു ആദ്യം ഇവർ തീരുമാനിച്ചത്. കൊച്ചിയിലെ ക്വ്ട്ടേഷൻ ടീമുകളെ ഇതിനായി സമീപിക്കാനായിരുന്നു നീക്കമെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് ഇതിൽ നിന്ന് പിൻമാറുകയായിരുന്നു.
ഫെബ്രുവരി 18ാം തീയതി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയറ്റിൽ വച്ച് മയക്കുമരുന്ന് കൈമാറിയത്. ഇത് സൗമ്യ സുനിലിന്റെ ഇരുചക്ര വാഹനത്തിൽ വച്ചശേഷം വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു. പോലീസിനും മറ്റിതര ഏജൻസികൾക്കും സൗമ്യ വിദേശത്ത് ജോലി ചെയ്യുന്ന കാമുകൻ മുഖേന സൂചന കൊടുപ്പിച്ചു. സൂചന പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിൽ എംഡിഎംഎ ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുനിൽ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു.
ഒരു വർഷമായി സൗമ്യയും കാമുകനായ വിനോദും അടുപ്പത്തിലായിരുന്നു സുനിലിനെ വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകി കെലപ്പെടുത്താനോ ഇരുവരും ചേർന്ന് പദ്ധതി ഇട്ടു പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതിൽ നിന്നും പിൻമാറി. വിദേശത്തു നിന്നും സൗമ്യയെ കാണുന്നതിനായി വന്നു പോകുന്ന കാമുകൻ വിനോദും സൗമ്യയും ഒരു മാസം മുൻപ് എറണാകുളത്ത് ആഡംബര ഹോട്ടലിൽ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ സുനിലിനെ ഒഴിവാക്കുന്നതിനായി ഗൂഡാലോചന നടത്തിയത്.
മയക്കുമരുന്ന് എത്തിച്ചുകൊടുത്തശേഷം വിദേശത്തേയ്ക്ക് കടന്ന കാമുകനേ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുന്നുള്ള ശ്രമത്തിലാണ് പോലീസ്. കേസിൽ സൗമ്യയും കൂടാതെ സഹായികളായ ഷാനവാസും ഷെഫിൻഷാ യും അറസ്റ്റിലായി. ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്നും അന്വേഷണത്തിൽ വെളിവായി.