പാലക്കാട് പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ
![](https://edappalnews.com/wp-content/uploads/2023/03/Screenshot_2023-03-12-09-38-17-009_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/03/FB_IMG_1677954712835-1024x1024.jpg)
സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. യുവതിയുടെ മരണം ചികിത്സാ പിഴവുകൊണ്ടാണെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. പാലക്കാട് ധോണി സ്വദേശി വിനീഷയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിലായിരുന്നു വിനീഷയുടെ പ്രസവം.
എന്നാൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിലായി. വിനീഷയെ പാലക്കാട് തങ്കം ആശുപത്രിയിലേക്കും കുഞ്ഞിനെ പാലന ആശുപത്രിയിലേക്കും മാറ്റി. എന്നാൽ വിനീഷയുടെ രക്തസമ്മർദ്ദം താഴ്ന്നതോടെ ജീവൻ രക്ഷിക്കാനായില്ല. പോളി ക്ലിനിക്കിൽ ഉണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി.
കുഞ്ഞിൻ്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്. പോളിക്ലിനിക്കിൽ ഒരു സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായതെന്ന് വിനീഷയുടെ അച്ഛൻ പറഞ്ഞു. സംഭവത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഷാർജയിൽ ഐടി എഞ്ചിനീയറായ വിനീഷ പ്രസവത്തിന് മാത്രമായാണ് നാട്ടിലെത്തിയത്. ഭർത്താവ് ചാലക്കുടി സ്വദേശി സിജിലും ഷാർജയിലാണ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)