ഊദല്ലേ… ലക്ഷങ്ങളുടെ ബിസിനസാണ്…!
എടപ്പാൾ നടക്കാവിൽ വിൽപനയ്ക്ക് വച്ച ഊദ് തൈകളുമായി പാലത്തിങ്കൽ മുഹമ്മദലി
എടപ്പാൾ: സംസ്ഥാനപാതയിലെ മാണൂർ നടക്കാവ് വഴി സഞ്ചരിക്കുമ്പോൾ സുഗന്ധം ഉള്ളിൽ ഒളിപ്പിച്ച ഊദ് മരങ്ങൾ കാണാം. സമീപത്തു നൂറുകണക്കിന് ഊദ് തൈകൾ വിൽപനയ്ക്കു വച്ചിരിക്കുന്നതും കാണാം. തൃക്കണാപുരം സ്വദേശി പാലത്തിങ്കൽ മുഹമ്മദലി ആണ് 8 വർഷമായി ഇവിടെ ഊദ് തൈകളും ഇതിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സുഗന്ധ ദ്രവ്യവും മറ്റ് ഉൽപന്നങ്ങളും വിൽപന നടത്തുന്നത്.
വിദേശ രാജ്യങ്ങളിൽ വൻ പ്രചാരമുള്ള ഊദ് കേരളത്തിലും വളർത്തി ആദായം കൊയ്യാം എന്ന് തെളിയിക്കുകയാണ് ഇദ്ദേഹം. 6 മാസം പ്രായമായ തൈകൾ വളർത്തി 5 വർഷം കഴിയുമ്പോൾ ഓർഗാനിക് മരുന്ന് കുത്തിവയ്ക്കും. ഉള്ളിലെ കാതൽ ബലപ്പെടുന്നതിന് വേണ്ടിയാണിത്. തുടർന്ന് മൂന്നാം വർഷം മുതൽ മുറിച്ച് ഊദ് ശേഖരിക്കും. കാതൽ ചിപ്സ് ആക്കി കയറ്റി അയയ്ക്കും. ശേഷിക്കുന്നവ ഇവിടെ പ്രത്യേകം സജ്ജീകരിച്ച പ്ലാന്റിൽ സംസ്കരിച്ച് സുഗന്ധ തൈലം വേർതിരിച്ച് എടുക്കും. മരത്തിൽ നിന്നെടുക്കുന്ന കാതൽ 3 മാസം വെള്ളത്തിൽ മുക്കിവച്ചാണ് സംസ്കരിക്കുക.
ഊദ് വേർതിരിച്ചെടുത്ത ശേഷം വരുന്ന വസ്തുക്കൾ അഗർബത്തികൾ, ഓയിൽ തുടങ്ങിയവ നിർമിക്കാനായാണ് ഉപയോഗിക്കുന്നത്. ഊദ് മരത്തിലെ ഇലകൾ ഉപയോഗിച്ച് ചായപ്പൊടിയും നിർമിക്കും. 17 തരം ഊദ് ഉണ്ടെങ്കിലും കേരളത്തിൽ വ്യാപകമായി വളരുന്നത് 2 തരം ഊദ് മരങ്ങൾ ആണ്. ഊദിന്റെ കാതലിന് ഗുണമേന്മയ്ക്ക് അനുസരിച്ച് കിലോയ്ക്ക് ഒരു ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വില ലഭിക്കുമെന്ന് മുഹമ്മദാലി പറയുന്നു. പലയിടത്തു നിന്നും ഊദ് തടികൾ ഇവിടെ എത്തിച്ചും സംസ്കരിച്ച് ഊദ് വേർതിരിച്ചെടുക്കുന്നുമുണ്ട്. കൂറ്റനാട് കോട്ടോപ്പാടം സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് നടക്കാവിലെ എഡബ്ല്യുകെ റിസർച് ഇന്ത്യ (പ്രൈ) ലിമിറ്റഡ് എന്ന സ്ഥാപനം.