പാതയോരത്തെ അനധികൃത കച്ചവടം ഒഴിപ്പിക്കുന്നത് നിര്‍ത്തി വച്ചു ‘പ്രതിഷേധവുമായി വ്യാപാരികള്‍

ചങ്ങരംകുളം:പാതയോരത്തെ അനധികൃത കച്ചവടം ഒഴിപ്പിക്കുന്നത് നിര്‍ത്തി വച്ചത് ‘പ്രതിഷേധാര്‍ഹമാണെന്ന് വ്യാപാരികള്‍.തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കാളാച്ചാല്‍ മുതല്‍ കോലിക്കര വരെയുള്ള ഭാഗങ്ങളിലാണ് പൊതുമരാമത്ത് വകുപ്പും ചങ്ങരംകുളം പോലീസും ആലംകോട് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് അനധികൃത ഷെഡുകളും വഴിയോര കച്ചവടങ്ങളും നീക്കം ചെയ്യല്‍ തുടങ്ങിയത്.എന്നാല്‍ വഴിയോര കച്ചവടക്കാര്‍ പ്രതിഷേധവുമായി എത്തിയതോടെ നടപടി നിര്‍ത്തി വെക്കുകയായിരുന്നു.
സർക്കാർ ഭൂമി കയ്യേറി ഷെഡ്ഡുകൾ കെട്ടി വൻ വാടക വാങ്ങുന്ന മാഫിയ സംഘങ്ങളാണ് സംസ്ഥാന പാതയോരം കയ്യടക്കി ഷെഡുകള്‍ കെട്ടി കച്ചവടം ചെയ്യുന്നതെന്നും ഇവരുടെ ഭീക്ഷണിക്ക് മുന്നിൽ ഉദ്യോഗസ്ഥർ കീഴ്പ്പെ ടരുതെന്നും,തുടങ്ങി വെച്ച ഒഴിപ്പിക്കൽ നടപടി ഉടൻ പൂർത്തിയാക്കണമെന്നും വ്യാപാരി നേതാക്കള്‍ ആവശ്യപ്പെട്ടു.സർക്കാർ നിർദ്ദേശിച്ച ലൈസൻസുകൾ എടുത്ത്,നികുതികളടച്ച് വ്യാപാരം ചെയ്യുന്ന ചെറുകിട വ്യാപാരികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്നും സർക്കാർ നിർദേശിച്ച വഴിയോര കച്ചവടം ഇങ്ങനെയല്ലന്നും ഇത്തരം അനധികൃത കയ്യേറ്റങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാർട്ടികളും പിന്തുണ നല്‍കരുതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് കമ്മറ്റി പത്രകുറിപ്പിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
