ബ്രേക്കിന് തകരാറില്ല; വഴിയാകാം കാരണം’; തിരുനാവായ സ്കൂൾ ബസ് അപകടം, വഴി മാറിയത് വൻദുരന്തം.

കുറ്റിപ്പുറം: തിരുനാവായ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട, തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിലെ ബസ് മരത്തിൽ ഇടിച്ചു നിന്നതിനാൽ ഒഴിവായത് വൻ അപകടം. കുട്ടികളുമായി സ്കൂളിൽനിന്ന് താഴെയുള്ള പ്രധാന പാതയിലേക്ക് ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തുള്ള ചാലിൽ ഇറക്കി നിയന്ത്രിക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മരത്തിൽ ഇടിപ്പിച്ച് നിർത്തുകയായിരുന്നു എന്നാണ് കരുതുന്നത്.
തിരുനാവായയിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ട സംഭവത്തെ തുടർന്ന് ബസിന്റെ ഫിറ്റ്നസ് പരിശോധിക്കണമെന്ന ആവശ്യപ്പെട്ട നാട്ടുകാരുമായിപൊലീസ് ചർച്ച നടത്തിയിരുന്നു.
മരമില്ലായിരുന്നെങ്കിൽ വാഹനം തിരക്കേറിയ കുറ്റിപ്പുറം റോഡിലേക്ക് ഇറങ്ങുമായിരുന്നു. റോഡിന് അപ്പുറം പുഴയുമാണ്. 20 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഫിദ ഫാത്തിമ (15), ഫാത്തിമ സഫ (11), ഫാത്തിമ മുഫീദ (11) ശ്രീഹരി (14), മുഹമ്മദ് ജിൻഷാദ് (12), അജ്സൽ (13), തനിയ (10), ഷഹൽ (10), ഷഹനില (12), അതുല്യ (13), മുഹമ്മദ് ഷമ്മാസ് (12), ഫാത്തിമ റിഫ (13), ഹിബ (12), ഷറാസ് (14), ദിൽഷാദ് (13), നിഹാൽ (12) എന്നീ കുട്ടികൾക്കും ഡ്രൈവർ ബാഹുലേയ(56)നുമാണ് അപകടത്തിൽ പരുക്കേറ്റത്.
അപകടത്തിൽ പെട്ട സ്കൂൾ വാഹനത്തിന്റെ ബ്രേക്കിന് തകരാറില്ല. വാഹനം പരിശോധിച്ച മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തിയത്. എന്നാൽ കുന്നിൻ മുകളിലെ സ്കൂളിൽ നിന്ന് കുറ്റിപ്പുറം പാതയിലേക്ക് ഉണ്ടാക്കിയ മൺപാതയാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. 2 വർഷം മുൻപാണ് ഈ പാത നിർമിച്ചത്. എന്നാൽ കുട്ടികളുമായി ആദ്യമായാണ് ഇതുവഴി ബസ് യാത്ര നടത്തുന്നത്. പാതയിലെ ഉരുളൻ കല്ലുകളിൽ നിരങ്ങിയിറങ്ങിയാണു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നു കരുതുന്നു. അതേസമയം ഇതേ ബസ് മുൻപ് 3 തവണ അപകടത്തിൽപെട്ടിട്ടുണ്ടെന്നും,ബസിന് ഫിറ്റ്നസ് ഇല്ലെന്നുംനാട്ടുകാർ ആരോപിച്ചു. എന്നാൽ, സ്കൂൾ അധികൃതർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കമുള്ള ബസിന്റെ രേഖകൾ സ്ഥലത്ത് കൊണ്ടുവന്നു. 1997 മോഡൽ ബസിന് 2022 മാർച്ച് 18 വരെയുള്ള ഫിറ്റ്നസ് ഉണ്ട്. ഇൻഷുറൻസും ഉണ്ട്.
കുറെ നാളുകളായി സ്കൂളുകൾ പ്രവർത്തിക്കാത്തതിനാൽ ബസുകൾ അധികവും ഓടിയിട്ടില്ല. ഇത്തരം ബസുകൾക്ക് മോട്ടർ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഗവൺമെന്റ് ഡിസംബർ 31 വരെ എല്ലാ സർട്ടിഫിക്കറ്റുകൾക്കും കാലാവധി നൽകിയിട്ടുള്ളതിനാൽ അത്തരം വാഹനങ്ങളും ഉപയോഗിക്കാം. എന്നാൽ ദീർഘകാലം ഓടാതിരുന്നതിനാൽ എല്ലാ വാഹനങ്ങളുടെയും ബ്രേക്ക് ഫ്ലൂയിഡ്, ടയർ എന്നിവ കൃത്യമായി പരിശോധിക്കണം. സ്കൂൾ ഇല്ലാതിരുന്ന കാലത്ത് കൃത്യമായ പരിപാലനം നടത്താത്ത ബസുകൾ ഇത്തരം കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമേ ഉപയോഗിക്കാവൂ എന്ന് തിരൂർ ജോയിന്റ് ആർടിഒ.അൻവർ മൊയ്തീൻ പറഞ്ഞു.
