പതിനാലുകാരന്റെ സംഹാരതാണ്ഡവം! തകര്‍ന്നടിഞ്ഞ് ലോക റെക്കോര്‍ഡുകള്‍; ഗ്രൗണ്ടിലിറങ്ങിയാല്‍ പിന്നെ ‘ഭയ’മില്ലെന്ന് വൈഭവ് സൂര്യവംശി

കഴിഞ്ഞ ജയ്പൂരില്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയല്‍സിനായി 35 പന്തില്‍ അതിവേഗ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശി തന്റെ ക്ലാസ് പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.ബിഹാറിലെ സമസ്തിപൂരില്‍ നിന്നുള്ള ഈ പതിനാലുകാരനുമുന്നില്‍ തകർന്നടിഞ്ഞത് നിരവധി ലോക റെക്കോർഡുകളാണ്. ഐപിഎല്ലിലെ രണ്ടാമത്തെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിനേട്ടം ഇനി വൈഭവിന്റെ പേരിലാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഇന്ത്യക്കാരനും വൈഭവ് തന്നെ.
സെഞ്ച്വറി നേടിയതിനുപിന്നാലെ മത്സരശേഷമുള്ള വൈഭവിന്റെ പ്രതികരണത്തിനും ആരാധകർ കാത്തിരുന്നു. ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ താൻ ബൗളർമാരെ ഭയക്കുന്നില്ലെന്നും കളിക്കുന്നതിലാണ് ശ്രദ്ധയെന്നും കുട്ടി താരം പറഞ്ഞു. സെഞ്ച്വറി നേടിയ സന്തോഷവും മറച്ചുവച്ചില്ല.
‘ഇതൊരു നല്ല അനുഭവമാണ്. ഐപിഎല്ലിലെ എന്റെ ആദ്യ സെഞ്ച്വറിയും മൂന്നാം ഇന്നിംഗ്‌സുമാണ്. ടൂർണമെന്റിന് മുമ്ബുള്ള പരിശീലനത്തിന്റെ ഫലം ഇവിടെ പ്രകടമായി. ഞാൻ പന്ത് കാണുകയും കളിക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ. ഐപിഎല്ലില്‍ 100 റണ്‍സ് നേടുക എന്നത് ഒരു സ്വപ്നമായിരുന്നു, ഇന്ന് അത് യാഥാർത്ഥ്യമായി. ഭയമില്ല. ഞാൻ അധികം ചിന്തിക്കുന്നില്ല, കളിക്കുന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ വൈഭവ് സൂര്യവംശി പറഞ്ഞു.
14 വയസ്സും 32 ദിവസവും പ്രായമുള്ള ഈ ഇടംകൈയ്യൻ ബാറ്റർ, ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഏഴാമത്തെ സെഞ്ച്വറി കൂടിയാണിത്. 17 പന്തില്‍ അർദ്ധശതകം തികച്ച് ഐപിഎല്ലില്‍ അർദ്ധശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡും വൈഭവിന്റെ പേരിലായി. കൂടാതെ, വൈഭവും യശസ്വി ജയ്‌സ്വാളും ചേർന്ന് നേടിയ 166 റണ്‍സ്, രാജസ്ഥാൻ റോയല്‍സിന് വേണ്ടി ഏതൊരു വിക്കറ്റിലും നേടിയ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്.













