EDAPPAL

പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു; കര്‍ഷക സെമിനാറും കാര്‍ഷിക പ്രദര്‍ശനവും നടന്നു

തൃത്താല: പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം, വെള്ളാനിക്കര കാര്‍ഷിക കോളെജ്, പട്ടിത്തറ കൃഷിഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു. പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘മണ്ണ് അന്നത്തിന്റെ ഉറവിടം’ എന്ന വിഷയത്തില്‍ കര്‍ഷക സെമിനാറും കാര്‍ഷിക പ്രദര്‍ശനവും നടന്നു. ‘മണ്ണറിഞ്ഞ് കൃഷി ചെയ്യാം’ എന്ന വിഷയത്തില്‍ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫ. കെ.വി അരുണ്‍കുമാര്‍ ക്ലാസെടുത്തു. തുടര്‍ന്ന് വെള്ളാനിക്കര കാര്‍ഷിക കോളെജ് വിദ്യാര്‍ത്ഥികള്‍ പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ നിന്ന് മണ്ണ് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചു.
തുടര്‍ന്ന് മണ്ണിന്റെ പ്രാധാന്യം, വിവിധ വിളകളിലെ സൂക്ഷ്മമൂലകങ്ങളുടെ അഭാവം, നിയന്ത്രണ മാര്‍ഗങ്ങള്‍, മണ്ണ് സാമ്പിള്‍ പരിശോധനയെ കുറിച്ചുള്ള വിവിധ പോസ്റ്ററുകള്‍, മണ്ണ് സംരക്ഷണത്തിന്റെ വിവിധ തരത്തിലുള്ള നിശ്ചിത മാതൃകകള്‍, പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന കൃഷിക്കുപയോഗിക്കുന്ന ഉത്പ്പന്നങ്ങളായ ഹ്യൂം പ്ലസ്, കവച്, ട്രൈക്കോഡര്‍മ്മ കേക്ക്, ഹൈഡ്രാജല്‍ ക്യാപ്‌സ്യൂള്‍, സ്യൂഡമോണസ്, സംപൂര്‍ണ്ണ മിശ്രിതം എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു.
പരിപാടിയില്‍ പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സദക്കത്തുള്ള അധ്യക്ഷനായി. കൃഷിവിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. കെ.വി സുമിയ, വെള്ളാനിക്കര കാര്‍ഷിക കോളെജ് അസിസ്റ്റന്റ് ഡോ. സ്മിതാ ബേബി, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശശിലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button