SPORTS

ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ്; ഐഎസ്എൽ പ്രതിസന്ധിയിൽ.

കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ചു. ടീം ഒഫീഷ്യലുകളിൽ ഒരാളിനാണ് കൊവിഡ് പോസിറ്റീവായത്. താരങ്ങളും മറ്റുള്ളവരുമൊക്കെ നെഗറ്റീവാണെങ്കിലും ക്യാമ്പിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനാൽ ബ്ലാസ്റ്റേഴ്സ് ഐസൊലേഷനിൽ കഴിയേണ്ടിവരും. നാളെ മുംബൈക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിനു മുന്നോടിയായി വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തും. ഇതിലെ പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാവും ബ്ലാസ്റ്റേഴ്സിൻ്റെ സീസണിലെ ഭാവി.

ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഒഡീഷയിൽ നേരെത്തെ കൊവിഡ് കേസുകളുണ്ടായിരുന്നു. ഇതാണ് രോഗബാധ ബ്ലാസ്റ്റേഴ്സിലേക്കും പടരാൻ കാരണമായത്.

കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിനെതിരെ എഫ്സി ഗോവയ്ക്കായി കളത്തിലിറങ്ങിയ യുവ മലയാളി താരം മുഹമ്മദ് നെമിൽ കൊവിഡ് പോസിറ്റീവായി. ഇതോടെ രണ്ട് ടീമുകളും ഐസൊലേഷനിലേക്ക് പോയി. ഈസ്റ്റ്‌ ബംഗാൾ, എടികെ മോഹൻ ബഗാൻ, ഒഡീഷ എഫ്സി, ബെംഗളൂരു എഫ്സി, എന്നീ ടീമുകളും ഐസൊലേഷനിലാണ്. മുംബൈ സിറ്റി എഫി, ഹൈദരാബാദ് എഫ്സി, ചെന്നൈയിൻ എഫ്സി എന്നീ ടീമുകളിൽ മാത്രമാണ് ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്യാത്തത്.

ഒഡീഷ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ഇതോടെ ലീഗിലെ അപരാജിതകുതിപ്പ് 10 മത്സരങ്ങളാക്കി ഉയർത്തി. ഒഡീഷക്കെതിരെ നിഷു കുമാറും ഹർമൻജോത് ഖബ്രയുമാണ് ഗോളുകൾ നേടിയത്. രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു.

തുടക്കം മുതൽ ഒഡീഷ ഗോൾ പോസ്റ്റിലേക്ക് ഇരച്ചുകയറിയ ബ്ലാസ്റ്റേഴ്സ് നിരന്തരം അവസരങ്ങൾ നെയ്തെടുത്തുകൊണ്ടിരുന്നു. ചില അർധാവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും ഒഡീഷ ആടിയുലഞ്ഞുകൊണ്ടിരുന്നു. 28ആം മിനിട്ടിൽ കാത്തിരുന്ന ഗോൾ വന്നു. ക്യാപ്റ്റൻ ജെസ്സൽ കാർനീറോയ്ക്ക് പകരം ആദ്യ ഇലവനിൽ ഇടംകിട്ടിയ നിഷു കുമാർ ഒരു സോളോ എഫർട്ടിലൂടെ ഒഡീഷ ഗോളിയെ കീഴടക്കി. 12 മിനിട്ടുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് വീണ്ടും സ്കോർ ചെയ്തു. ലൂണ എടുത്ത കോർണറിൽ തലവച്ച് ഖബ്രയാണ് രണ്ടാം ഗോൾ നേടിയത്.

രണ്ടാം പകുതിൽ കുറച്ചുകൂടി പോരാട്ടവീര്യം കാണിച്ച ഒഡീഷ അവസരങ്ങൾ തുറന്നെടുത്തു. എന്നാൽ, ഫിനിഷിംഗിലെ പാളിച്ചകളും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൻ്റെ ചെറുത്തുനില്പും ഒഡീഷയെ തടഞ്ഞുനിർത്തി. ഇതിനിടെ ലഭിച്ച ചില സുവർണാവസരങ്ങൾ ബ്ലാസ്റ്റേഴ്സ് പാഴാക്കുകയും ചെയ്തു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 20 പോയിൻ്റുമായി പട്ടികയിൽ ഒന്നാമതെത്തി. കളിച്ച 11 മത്സരങ്ങളിൽ അഞ്ച് ജയവും അഞ്ച് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം. സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് മാത്രമാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button