കോഴിക്കോട്

പട്ടാപ്പകൽ കോഴിക്കോട് ജ്വല്ലറിയിൽ യുവതിയുടെ കവർച്ചാശ്രമം; പിടിക്കപ്പെട്ടപ്പോള്‍ ആത്മഹത്യാശ്രമം

കോഴിക്കോട്: പന്തീരാങ്കാവ് അങ്ങാടിയിലെ സൗപർണിക ജ്വല്ലറിയിൽ കവർച്ചാശ്രമം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സ്വർണാഭരണം ആവശ്യപ്പെട്ട് ജ്വല്ലറിയിൽ എത്തിയ യുവതിയാണ് കവർച്ചാശ്രമം നടത്തിയത്. യുവതി സ്വർണാഭരണം ആവശ്യപ്പെട്ടപ്പോള്‍ ഉടമയായ മുട്ടഞ്ചേരി രാജൻ സ്വർണാഭരണം എടുക്കാൻ തിരിഞ്ഞതോടെ ഇയാളുടെ മുഖത്തേക്ക് കയ്യിൽ കരുതിയ മുളക് സ്പ്രേ അടിക്കുകയായിരുന്നു. മാസ്‌ക് ധരിച്ചാണ് യുവതി കടയിലെത്തിയത്. കൂടെ ഒരു കവറും കരുതിയിരുന്നു. കവറിലാണ് മുളക്‌ സ്‌പ്രേ സൂക്ഷിച്ചിരുന്നത്.

ജ്വല്ലറി ഉടമ രാജൻ ആഭരണം എടുക്കാൻ തിരിഞ്ഞതോടെ ഉടനെ യുവതി മുളക് സ്‌പ്രേ അടിക്കുകയായിരുന്നു, ആദ്യം പകച്ചുപോയ ഉടമ പിന്നീട് കവർച്ചാശ്രമം ആണെന്ന് മനസിലാക്കി സ്‌ത്രീയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. കടയുടമയുമായി മൽപിടുത്തം ഉണ്ടായി. ഈ സമയം ജ്വല്ലറിയിൽ നിന്നുള്ള ബഹളം കേട്ട് ഓടിയെത്തിയ പരിസരത്ത് ഉണ്ടായിരുന്നവർ ചേർന്ന് കവർച്ചാശ്രമം നടത്തിയ യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. ഇതിനിടയില്‍ യുവതി ആത്മഹത്യാ ശ്രമം നടത്തി. കൈയ്യിൽ കരുതിയ മറ്റൊരു കുപ്പിയിൽ ഉണ്ടായിരുന്ന പെട്രോൾ എടുത്ത് സ്വന്തം ദേഹത്ത് ഒഴിച്ചു.

തുടർന്ന് സ്‌ത്രീയെ നാട്ടുകാര്‍ ബന്ദിയാക്കി പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി യുവതിയെ കസ്‌റ്റഡിയിലെടുത്തു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ആഴ്‌ചകൾക്ക് മുൻപ് ഇതേ യുവതി ജ്വല്ലറിയിൽ പലതവണ എത്തിയതായി ഉടമ പറഞ്ഞു. എന്നാൽ അന്ന് കൂടെയുണ്ടായിരുന്ന ആൾ പണവുമായി എത്തിയില്ലെന്ന് പറഞ്ഞ് ഇവർ തിരികെ പോവുകയായിരുന്നു.

അതിനിടയിലാണ് ഇന്ന് യുവതി വീണ്ടും ജ്വല്ലറിയിൽ എത്തി കവർച്ചാശ്രമം നടത്തിയത്. പന്തീരാങ്കാവ് പൊലീസിൻ്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ പെരുവയൽ പര്യങ്ങാട് തടായി സ്വദേശിനിയായ സൗദാബിയാണ്
കവർച്ചാശ്രമം നടത്തിയതെന്ന് വ്യക്തമായി. പണം കടം ചോദിക്കുന്നതിനു വേണ്ടിയാണ് ജ്വല്ലറിയിൽ എത്തിയതെന്ന മൊഴിയാണ് ഇവർ പൊലീസിന് നൽകിയത്. അതിനിടയിൽ പെട്ടെന്ന് സംഭവിച്ച പോയതാണ് ഇതെന്നും യുവതി മൊഴി നൽകി.

എന്നാൽ പലതവണ വന്നപ്പോഴും പണം ഇവർ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. തുടർന്ന് യുവതിയുമായുള്ള ബലപ്രയോഗത്തിൽ പരിക്കേറ്റ ജ്വല്ലറി ഉടമ പ്രാഥമിക ചികിത്സ തേടി. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button