പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് കച്ചവടം; രണ്ടുപേരെ പിടികൂടി
May 11, 2023
വളാഞ്ചേരി : വൈക്കത്തൂരിൽ പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ കട നടത്തിപ്പുകാരനെയും തൊഴിലാളിയെയും വളാഞ്ചേരി പോലീസ് പിടികൂടി. കരേക്കാട് കല്ലിങ്ങൽ മുഹമ്മദ് ഹാഷിക്ക്(24), പുറമണ്ണൂർ മണ്ണീട്ടിത്തൊടി അഫ്സൽ (25) എന്നിവരെയാണ് വളാഞ്ചേരി എസ് എച്ച് ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കഞ്ചാവ് വിൽപ്പനയ്ക്കായുള്ള പൊതികൾ സഹിതമാണ് തൊഴിലാളിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ കട നടത്തിപ്പുകാരനാണ് കഞ്ചാവ് വില്പന നടത്താൻ തന്നതെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് കട ഉടമയെയും പിടികൂടുകയായിരുന്നു. പൊതികളിലായി സൂക്ഷിച്ച 35 ഗ്രാം കഞ്ചാവും വില്പനയ്ക്ക് ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.