SPORTS

നെയ്മറെ വേണ്ടേ വേണ്ട! ബ്രസീലിയന്‍ താരത്തെ തിരിച്ചെത്തിക്കാന്‍ ആഗ്രഹമില്ലെന്ന് ബാഴ്‌സലോണ കോച്ച് സാവി

പ്രതിഫലം കുറച്ചും കാംപ്‌നൌവിലേക്ക് വരാന്‍ തയ്യാറാണെന്ന് നെയ്മര്‍ ബാഴ്‌സലോണ മാനേജ്‌മെന്റിനെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാഴ്‌സലോണ: പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മറെ ബാഴ്‌സലോണയ്ക്ക് ആവശ്യമില്ലെന്ന് കോച്ച് സാവി വ്യക്തമാക്കി. അടുത്തിടെ നെയ്മര്‍ ബാഴ്‌സയിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മുമ്പ് ബാഴ്‌സ ജേഴ്‌സിയില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് നെയ്മര്‍. ലിയോണല്‍ മെസിക്കും സെര്‍ജിയോ റാമോസിനും പിന്നാലെ പിഎസ്ജി വിടാനൊരുങ്ങുകയാണ് ബ്രസീലിയന്‍താരം. പ്രതിഫലം കുറച്ചും കാംപ്‌നൌവിലേക്ക് വരാന്‍ തയ്യാറാണെന്ന് നെയ്മര്‍ ബാഴ്‌സലോണ മാനേജ്‌മെന്റിനെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ആയാണ് നെയ്മറെ ബാഴ്‌സലോണയ്ക്ക് ആവശ്യമില്ലെന്ന് സാവി വ്യക്തമാക്കിയത്. ”അടുത്ത സീസണിലേക്ക് ബാഴ്‌സലോണ നോട്ടമിടുന്ന താരങ്ങളില്‍ നെയ്മര്‍ ഇല്ല. നെയ്മര്‍ ബാഴ്‌സയുടെ ഭാവി പദ്ധതികള്‍ക്ക് അനുയോജ്യനായ താരമല്ല. വ്യക്തിയെന്ന നിലയില്‍ നെയ്മറോട് ബഹുമാനമുണ്ട്. എന്നാല്‍ ടീമിലേക്ക് പരിഗണിക്കാന്‍ കഴിയില്ല.” സാവി വ്യക്തമാക്കി. റെക്കോര്‍ഡ് തുകയ്ക്കാണ് 2017ല്‍ ബാഴ്‌സലോണയില്‍ നിന്ന് നെയ്മാറിനെ പിഎസ്ജി സ്വന്താക്കിയത്. എന്നാല്‍ പിഎസ്ജി പ്രതീക്ഷിച്ച മികവിലേക്ക് എത്താന്‍ നെയ്‌റിന് കഴിഞ്ഞില്ല. ഫ്രഞ്ച് താരം എംബപ്പെയുമായുള്ള അസ്വാരസ്യവും ക്ലബ്ബിന് തലവേദനയായി. ഇതോടെയാണ് നെയ്മറെ ഒഴിവാക്കാന്‍ പിഎസ്ജി മാനേജ്‌മെന്റ് നീക്കം തുടങ്ങിയത്. പ്രീമിയര്‍ ലീഗ് ക്ലബുകളായ ന്യൂകാസില്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവരിലാണ് നെയ്മറിന്റെയും പിഎസ്ജിയുടെയും പ്രതീക്ഷ. പരിക്കേറ്റ് വിശ്രമത്തിലുള്ള നെയ്മര്‍ പിഎസ്ജിക്കായി 173 കളിയില്‍ നിന്ന് 118 ഗോള്‍ നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button