PONNANI

നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭാവം കൈവിടാതെ നാലുകെട്ടോടുകൂടിയ കാരകുന്നത്ത് തറവാട്

പൊന്നാനി: ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഒട്ടേറെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന ഇടമാണ്‌ പൊന്നാനി കാരകുന്നത്ത് തറവാട്‌. ഗാന്ധിയൻ ദർശനം നെഞ്ചേറ്റിയ ഇവിടത്തെ കെ വി ബാലകൃഷ്ണമേനോന്റെയും പൊന്നാനി ഗാന്ധി കെ വി രാമൻ മേനോന്റെയും എ വി ഹൈസ്കൂളിൽ അധ്യാപകനായെത്തിയ കേരള ഗാന്ധി കെ കേളപ്പന്റെയും പോരാട്ട ചരിത്രം വീറുറ്റതാണ്‌. മലബാർ സമരകാലത്ത് 1921ൽ മൂന്നുപേരെയും ബ്രിട്ടീഷ് സൈന്യം കള്ളക്കേസിൽ അറസ്റ്റ് ചെയ്തത് ഈ തറവാട്ടു മുറ്റത്തുവച്ചാണ്.
ശത്രുസൈന്യത്തെ നേരിടുന്ന രീതിയിൽ ആയുധങ്ങളുമായി പട്ടാളം തറവാട്‌ വളഞ്ഞപ്പോൾ കെ വി രാമൻ മേനോന്റെ സഹോദരീപുത്രി അമ്മുക്കുട്ടി പട്ടാള മേധാവിയോട് ഇംഗ്ലീഷിൽ പറഞ്ഞ വാക്കുകൾ കാലങ്ങൾ പിന്നിട്ടിട്ടും മതിൽക്കെട്ടുകളിൽ പെൺധൈര്യത്തിന്റെ അലയൊലികളായുണ്ട്. പട്ടാളം വീടുവളഞ്ഞ സമയത്ത് മൂന്നുപേരും വീട്ടിലില്ലായിരുന്നു. വീട്ടിൽ സ്ത്രീകൾ മാത്രമാണുള്ളതെന്നും ആണുങ്ങളില്ലാത്ത സമയത്ത് വീട്ടിൽ കയറരുതെന്നും അവർ പറഞ്ഞു. അമ്മുക്കുട്ടിയുടെ ആത്മധൈര്യം അമ്പരിപ്പിച്ച പട്ടാള മേധാവി ഒടുവിൽ മാപ്പുപറഞ്ഞതും ചരിത്രം.

എന്നാൽ തറവാട്ട്‌ പരിസരത്ത്‌ തമ്പടിച്ച സൈന്യം കെ കേളപ്പൻ, കെ വി രാമൻ മേനോൻ, കെ വി ബാലകൃഷ്ണമേനോൻ എന്നിവർ എത്തിയതോടെ അറസ്റ്റ്‌ ചെയ്‌ത്‌ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കലാപകാരികളെ സഹായിച്ചു, കള്ള് ഷാപ്പ് കത്തിച്ചു, പൊലീസ് സ്റ്റേഷൻ ആക്രമിച്ചു തുടങ്ങിയവയായിരുന്നു കുറ്റം. 11 മാസത്തെ തടവ് ശിക്ഷക്കിടെ രോഗബാധിതനായി കെ വി ബാലകൃഷ്ണമേനോൻ ജയിലിൽ മരിച്ചു. ഇതോടെ അദ്ദേഹവും മലബാർ സമരത്തിന്റെ രക്തസാക്ഷിയായി. കാരകുന്നത്ത് തറവാടിന്റെ മകന്റെ രക്തസാക്ഷിത്വം നാടും കുടുംബവും നെഞ്ചോട് ചേർത്തു.

കോൺഗ്രസിന്റെ അധികാര രാഷ്ട്രീയത്തിൽ മനംമടുത്ത്‌ രാമൻ മേനോൻ പിന്നീട് രാഷ്ട്രീയം വിട്ടു.പൊന്നാനി തൃക്കാവ് ക്ഷേത്രം ബസ് സ്റ്റോപ്പിൽനിന്ന് കുറച്ചകലെയാണ്
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭാവം കൈവിടാതെ നാലുകെട്ടോടുകൂടിയ കാരകുന്നത്ത് തറവാട്. തറവാടിന്റെ താഴ് വഴികളായ ഹരി നാരായണനും ഭാര്യ പുഷ്പയും സഹോദരി ജയശ്രീയുമാണ് ഇപ്പോൾ താമസക്കാർ.
സ്വാതന്ത്ര്യസമര സേനാനികളുടെ അഭയകേന്ദ്രം
സ്വാതന്ത്ര്യസമര സേനാനികളുടെ അഭയകേന്ദ്രമായിരുന്നു കാരകുന്നത്ത് തറവാട്‌. ഗുരുവായൂർ സത്യഗ്രഹ കാലത്ത് കേരളത്തിലായിരുന്ന കസ്തൂർബ ഗാന്ധി ഒരാഴ്‌ചയോളം താമസിച്ചത് ഇവിടെയാണ്‌.

വി ടി ഭട്ടതിരിപ്പാടിന്റെ വീട്ടിൽ താമസിച്ചിരുന്ന കസ്തൂർബയെ കെ വി രാമൻ മേനോന്റെ ഗുമസ്തനായിരുന്ന മഹാകവി ഇടശ്ശേരിയാണ് കാരകുന്നത്തേക്ക് കൊണ്ടുവന്നത്. അക്കാലത്ത് കസ്തൂർബ നൂൽനൂറ്റിരുന്ന ചർക്ക തറവാട്ടിൽ ഇപ്പോഴുമുണ്ട്‌. ഗുരുവായൂർ സത്യഗ്രഹവുമായി ബന്ധപ്പെട്ട് യോഗം നടന്ന പുരാതന മുറിയും ഈ നാലുകെട്ടിലാണ്. സരോജിനി നായിഡു, രാജഗോപാലാചാരി, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങി ദേശീയ നേതാക്കളും കാരകുന്നത്ത് തറവാട്ടിൽ താമസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button