KERALA


‘നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനം, വെറും പെണ്ണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം’; കുറിപ്പുമായി രേണുരാജ്

സ്ഥലം മാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം കലക്ടർ രേണുരാജ്. വനിതാ ദിന ആശംസകൾ നേർന്നാണ് അവർ പോസ്റ്റിട്ടത്. നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം- രേണുരാജ് ഫേസ്ബുക്കിൽ കുറിച്ചു. ബുധനാഴ്ചയാണ് രേണുരാജിനെ എറണാകുളം കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി വയനാട്ടിൽ നിയമിച്ച് ഉത്തരവിറങ്ങിയത്. ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാ​ഗമായിരുന്നു സ്ഥലം മാറ്റം.വിവിധ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലംമാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. ബ്രഹ്മപുരം മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം എന്നതും ശ്രദ്ധേയമാണ്. 

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീ പിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗത്തില്‍ തീരുമാനം. യോ​ഗത്തിൽ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കലക്ടര്‍ രേണു രാജ് വിശദീകരിച്ചു. മാർച്ച് 2 ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സ്, പൊലീസ് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മാലിന്യത്തിന്‍റെ രാസവിഘടന പ്രക്രിയ നടക്കുന്നത് മൂലം ബഹിർഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്‌മോൾഡറിങ് ആണ് പ്രധാനമായും  പ്ലാന്റിൽ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവുമുണ്ട്. ഇത് തീപിടുത്തത്തിന്‍റെ ആക്കം കൂട്ടി. തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന രക്ഷ സേനയുടെ ശ്രമങ്ങൾക്ക് പുറമെ നേവി, വായു സേനയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെയും സഹായം ലഭ്യമാക്കി. 

അതേസമയം, കത്തിപ്പടരുന്ന തീ പൂർണ്ണമായും നിയന്ത്രണ വിധേയമായെങ്കിലും മാലിന്യത്തിനകത്ത് നിന്നുള്ള ചൂടിൽ നീറി പുകയുന്ന സ്ഥിതി തുടർകയാണ്. ഇതുവഴിയാണ് പ്ലാന്‍റിന് സമീപപ്രദേശത്ത് പൊതുവെ പുക പടരുന്ന സാഹചര്യമുണ്ടായത്‌. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുക ബഹിർഗമിക്കുന്ന മേഖലകളിൽ മാലിന്യങ്ങൾ  മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി വരുന്നത്. അഗ്നിശമന സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയർ എഞ്ചിനുകൾക്ക് പുറമെ ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുള്ള 3 ഉയർന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് മിനുട്ടിൽ 60,000 ലിറ്റർ എന്ന തോതിൽ വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button