KERALA

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് അരിവില കൂട്ടാൻ ശിപാർശ

മുൻഗണനേതര വിഭാഗത്തിലുള്ള നീല, വെള്ള റേഷൻ കാർഡുടമകൾക്ക് സബ്സിഡിയിനത്തിൽ നൽകുന്ന റേഷനരിയുടെ വില കൂട്ടണമെന്ന് സർക്കാർ സമിതിയുടെ ശിപാർശ. നിലവിൽ ഒരു കിലോഗ്രാമിന് നാലുരൂപ തോതിൽ നൽകുന്ന അരിയുടെ വില ആറു രൂപയാക്കി ഉയർത്തണമെന്നാണ് ആവശ്യം. സർക്കാർ 8.30 രൂപക്ക് വാങ്ങുന്ന അരിയാണ് നിലവിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. നിർദേശിച്ചതു പ്രകാരമുള്ള വിലവിർധന നടപ്പാക്കിയാൽ പ്രതിമാസം 3.14 കോടിരൂപ അധികം കണ്ടെത്താനാകുമെന്നും സർക്കാർ സമിതി പറയുന്നു.

മുൻഗണനേതര വിഭാഗങ്ങളിൽനിന്ന് മാസം ഒരു രൂപ വീതം സെസ് പിരിക്കാൻ ഭക്ഷ്യ -പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണിത്. ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്ക് സെസ് പിരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരുവർഷം കൊണ്ട് നാല് കോടി ഇത്തരത്തിൽ ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നേരത്തെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് സെസ് പിരിക്കുമെന്ന് സി.പി.എം സംസ്ഥാന സമ്മേളത്തിലെ നയരേഖയിൽ വ്യക്തമാക്കിയിരുന്നു.

റേഷൻ കടകളുടെ പ്രവർത്തനസമയം ഒമ്പതുമുതൽ ഒരു മണിവരെയും വൈകിട്ട് നാലുമുതൽ ഏഴുവരെ ആക്കി പുനഃക്രമീകരിക്കാനും സർക്കാർ സമിതി നിർദേശമുണ്ട്. വെള്ള കാർഡ് ഉടമകൾക്കുള്ള അരിയുടെ വിലയായി വ്യാപാരികൾ അടയ്ക്കുന്ന 60 പൈസ വ്യാപാരി ക്ഷേമത്തിനായി പ്രയോജനപ്പെടുത്താനും ശിപാർശയുണ്ട്. അരിവില കൂട്ടുകയോ സെസ് പിരിക്കുകയോ ഏതെങ്കിലും ഒന്ന് മാത്രമാകും നടപ്പാക്കുകയെന്നാണ് വിവരം.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button