India

നീതി നിഷേധത്തിനെതിരെ പ്രതിഷേധം, രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിലൊഴുക്കാൻ കായിക താരങ്ങൾ ഹരിദ്വാറിൽ

പൊലീസ് നടപടിക്ക് പിന്നാലെ,ബ്രിജ് ഭൂഷണെതിരായ ഗുസ്തിതാരങ്ങളുടെ സമരത്തിന് പുതിയ മുഖം. നീതി നിഷേധത്തിനെതിരെ ഗുസ്തിതാരങ്ങളുടെ അതിവൈകാരികമായ പ്രതിഷേധം. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗയിലൊഴുക്കാൻ ഗുസ്തിതാരങ്ങൾ ഹരിദ്വാറിലേക്കെത്തി. ഒളിംബിക്സിലടക്കം മെഡൽ നേടിയ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും അടങ്ങുന്ന സംഘമാണ് മെഡലുകൾ ഗംഗയിലൊഴുക്കാനായി എത്തിയത്.
അതിവൈകാരികമായ രംഗങ്ങൾക്കാണ് ഹരിദ്വാര്‍ സാക്ഷിയായത്. തങ്ങൾ നേടിയ മെഡലുകൾ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരയുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളുടെ ദൃശ്യങ്ങൾ വേദനാജനകമായി. താരങ്ങൾക്ക് പിന്തുണയുമായി ആയിരക്കണക്കിന് ജനങ്ങളും ഹരിദ്വാറിലേക്ക് എത്തി. അതിനിടെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അടക്കമുള്ളവർ ഹരിദ്വാറിലേക്ക് തിരിച്ചു. മെഡലുകള്‍ നദിയില്‍ ഒഴുക്കുന്നതില്‍ നിന്ന് താരങ്ങള്‍ പിന്മാറണമെന്നും കർഷക നേതാക്കള്‍ ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പൊലീസ് പൂർണ്ണമായും പൊളിച്ചുമാറ്റിയതോടെയാണ് സമരം കൂടുതൽ ശക്തമായത്. ഇന്ന് വൈകിട്ടോടെ രാജ്യത്തിനായി നേടിയ മെഡലുകൾ ഒഴുക്കി സമരം ചെയ്യുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കേന്ദ്ര സ‍ര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു രീതിയിലുമുള്ള അനുനയശ്രമവുമുണ്ടായില്ല. മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കായിക താരങ്ങളെ കാണാനോ അവരുമായി അനുനയ ച‍ര്‍ച്ച നടത്താനോ കേന്ദ്ര സര്‍ക്കാർ ഇതുവരെയും തയ്യാറായില്ല. ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
 ലൈംഗിക പീഡന പരാതിയിൽ ബിജെപി എംപിക്കെതിരെ നടപടിയെടുക്കാൻ ഇനിയും ഏത് വാതിലുകൾക്ക് മുന്നിലാണ് ഞങ്ങൾ സമരമിരിക്കേണ്ടതെന്ന ചോദ്യമാണ് കേന്ദ്ര സർക്കാരിന് മുന്നിൽ കായികതാരങ്ങൾ ആവര്‍ത്തിച്ച് ചോദിക്കുന്നത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കാനാണ് കായികതാരങ്ങളുടെ തീരുമാനം. എന്നാൽ പ്രതിഷേധത്തിനുള്ള ഇടമല്ല ഇന്ത്യ ഗേറ്റെന്നും പ്രതിഷേധം അനുവദിക്കില്ലെന്നുമുളള നിലപാടിലാണ് ദില്ലി പൊലീസ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button