KERALA
നിർമാണ വസ്തുക്കളുടെ വിലക്കയറ്റം; സർക്കാർ കരാറുകാർ സമരത്തിലേക്ക്.
സാധനസാമഗ്രികളുടെ വിലക്കയറ്റംമൂലം നിർമാണമേഖല സ്തംഭനത്തിലേക്ക്. സാമഗ്രികളുടെ വിലക്കയറ്റം തടയണമെന്ന് സർക്കാർ കരാറുകാർ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി മുതൽ പണികൾ നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാറയുടെയും മെറ്റലിന്റെയും വിലകൂടിയതിനാൽ പണികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് കരാറുകാരുടെ പരാതി. ഒരു പാറപൊട്ടിക്കാൻ ക്വാറി ഉടമക്ക് ചെലവ് അഞ്ചു രൂപയും 92 പൈസയുമാണ്. എന്നാൽ, 26 രൂപ 95 പൈസയ്ക്കാണ് ഇതു വിൽക്കുന്നത്. 355 ശതമാനം ലാഭമെന്നാണ് കരാറുകാർ പറയുന്നത്. എം സാന്റ്, പി സാന്റിന് പകരമായി ആറ്റിലും പുഴയിലും പ്രളയത്തിൽ അടിഞ്ഞ മണൽ വാരാനുള്ള അനുമതി നൽകണം. അടഞ്ഞുകിടക്കുന്ന പാറക്വാറികൾ ഏറ്റെടുത്ത് നടത്താൻ കരാറുകാർ സൊസൈറ്റി രൂപീകരിച്ചാൽ അതിന് ലൈസൻസ് അനുവദിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്.