നിവേദനങ്ങൾക്ക് ഇ-മെയിൽ രസീത്: നടപടി കർശനമാക്കുന്നു
എടപ്പാൾ: സർക്കാരിലേക്ക് ജനം നൽകുന്ന നിവേദനങ്ങൾക്ക് ഇ-മെയിൽ വഴി രസീത് നൽകണമെന്ന നിർദേശം കർശനമാക്കുന്നു.
സർക്കാരിന്റെ ഇ-ഓഫീസിൽ ഇ-മെയിൽ വഴി പൊതുജനത്തിനുള്ള രസീത് നൽകാനുള്ള സംവിധാനമുണ്ടെങ്കിലും മിക്ക വകുപ്പുകളും ഇതുപയോഗിക്കുന്നില്ല. നിവേദനങ്ങൾ ഇ-ഓഫീസ് സോഫ്റ്റ്‌വേറിലൂടെ രജിസ്റ്റർചെയ്യുമ്പോൾ റസീപ്റ്റ് ക്രിയേഷൻ എന്ന മൊഡ്യൂളിൽ അപേക്ഷകനെ സംബന്ധിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ ഇ-മെയിൽ വിലാസവും രേഖപ്പെടുത്താൻ സൗകര്യമുണ്ട്. അതു ചെയ്താൽ അതേ പേജിലെ അവസാനമുള്ള പേഴ്‌സണലൈസ് അക്‌നോളജ്‌മെന്റ് എന്ന ചെക്ക് ബോക്‌സിൽ ടിക് ചെയ്ത് ജനറേറ്റ് ചെയ്താൽ രസീത് അപേക്ഷകന് ലഭിക്കും. ഇത്തരത്തിൽ രസീത് ലഭിച്ചാൽ അതിലുള്ള നമ്പറുപയോഗിച്ച് അപേക്ഷകന് സർക്കാർ പോർട്ടലിലൂടെ (https://eoffice.kerala.gov.in) നിവേദനത്തിന്റെ തത്‌സ്ഥിതി അറിയാനാകും. ഇതു ചെയ്യാൻ ജീവനക്കാർ തയ്യാറാകാത്തതാണു പ്രശ്‌നം.
ഇ-മെയിൽ വിലാസമുള്ള എല്ലാ നിവേദനങ്ങളുടെയും കാര്യത്തിൽ ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് അതത് വകുപ്പു തലവൻമാർ ഉറപ്പാക്കണമെന്നാണ് വിവര സാങ്കേതികവിദ്യാ വകുപ്പ് സെക്രട്ടറി നൽകിയിട്ടുള്ള നിർദേശം. ഫോൺനമ്പർ നൽകിയാലും അതുപയോഗിച്ച് തത്‌സ്ഥിതി അറിയാനാകുമെന്നാണ് ജീവനക്കാർ പറയുന്നത്. എസ്.എം.എസ്. നൽകുന്ന സംവിധാനവുമുണ്ടായിരുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഇ-മെയിൽ അത്ര വ്യാപകമല്ലാത്തതിനാൽ ഇതാകും കൂടുതൽ സൗകര്യമാകുകയെന്ന വാദവുമുണ്ട്.