മൂന്ന് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ടെക്സ്റ്റൈല്‍ കട കത്തിനശിച്ചു:സംഭവത്തിൽ ദുരൂഹത

കോഴിക്കോട്: മൂന്ന് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ടെക്സ്റ്റൈല്‍ കട കത്തിനശിച്ചു. പറമ്പില്‍ ബസാറിലെ കുരുവട്ടൂര്‍ പഞ്ചായത്ത് ബസ്സ്റ്റാന്റിനടുത്തുള്ള മമ്മാസ് പപ്പാസ് ടെക്സ്റ്റൈല്‍ കടയാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കത്തിയത്. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നാരോപിച്ച് കടയുടമ പറമ്പില്‍ ബസാര്‍ സ്വദേശി നിജാസ് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു കട ഉദ്ഘാടനം ചെയ്തത്. രണ്ട് നിലകളുള്ള കടയില്‍ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പൂര്‍ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസത്തെ കച്ചവടത്തില്‍ നിന്ന് ലഭിച്ച നാല് ലക്ഷം രൂപയും കത്തി. 1.1 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ നിജാസ് പറഞ്ഞു. വാഹനത്തിലെത്തിയ നാലുപേര്‍ ചേര്‍ന്ന് കടയ്ക്ക് തീവെക്കുകയായിരുന്നുവെന്ന് നിജാസ് പറഞ്ഞു. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. വര്‍ഷങ്ങളായി തുണിവ്യാപാരം നടത്തുന്നയാളാണ് താന്‍. ആരുമായും ശത്രുതയില്ലെന്നും സംഭവത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും നിജാസ് പറഞ്ഞു. ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ചേവായൂര്‍ പൊലീസ് കേസെടുത്തു
