നിരത്തിലിറക്കാന്‍ ഫിറ്റ്‌നസില്ല; കുട്ടികളെ കുത്തിനിറച്ച ഓട്ടോ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്


മലപ്പുറം : ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലാതെ കുട്ടികളെ കുത്തിനിറച്ച് അമിതവേഗതയില്‍ ഓടിച്ചു പോയ ഓട്ടോ നിലമ്പൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ പരിശോധനയ്ക്കിടെ അമിതവേഗതയില്‍ കുട്ടികളെയും കുത്തിനിറച്ച് ഓടിച്ചുവന്ന ഓട്ടോറിക്ഷ പരിശോധനയ്ക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. വാഹനത്തെ പിന്തുടർന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ വാഹനത്തിന് ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലെന്ന് വ്യക്തമായി.
വാഹനത്തിൽ ഡ്രൈവറെ കൂടാതെ ഫുട്ബാള്‍ മത്സരത്തിനു പോകുന്ന ഒമ്പത് വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. 4,000 രൂപ പിഴ ചുമത്തിയതിനു പുറമേ സുരക്ഷിതമല്ലാത്ത വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. രാവിലെ 11ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുന്ന കുട്ടികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഓട്ടോ പിടിച്ചെടുത്തതോടെ മറ്റ് വാഹനം കിട്ടാതെ യാത്ര മുടങ്ങുമെന്നായ കുട്ടികളെ ഉദ്യോഗസ്ഥര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ തന്നെ കൃത്യസമയത്ത് ഫുട്‌ബോള്‍ മത്സര വേദിയില്‍ എത്തിച്ചു.
