EDAPPALLocal newsPONNANI

നിയമസഭ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലും തവനൂരും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളില്‍ മാറ്റമുണ്ടാവില്ല

എടപ്പാൾ: പൊന്നാനിയില്‍ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും തവനൂരില്‍ മന്ത്രി ഡോ.കെ.ടി. ജലീലും വീണ്ടും ജനവിധി തേടിയേക്കും. രണ്ടുതവണയില്‍ കൂടുതല്‍ വിജയിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്ന സി.പി.എം തീരുമാനത്തില്‍ ഇളവു ലഭിക്കുന്നവരുടെ കൂട്ടത്തില്‍ പി. ശ്രീരാമകൃഷ്ണനും ഉള്‍പ്പെട്ടേക്കും. വിജയം ഉറപ്പിക്കാന്‍ ശ്രീരാമകൃഷ്ണനും കെ.ടി ജലീലും നിലവിലെ മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കട്ടെയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പി. ശ്രീരാമകൃഷ്ണന്‍ തുടര്‍ച്ചയായി രണ്ടുതവണ പൊന്നാനിയില്‍ നിന്നാണ് ജനവിധി തേടിയത്.
2011ലെ ആദ്യ മത്സരത്തില്‍ നാലായിരത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു വിജയം. 2011ല്‍ ഭൂരിപക്ഷം 15,​650 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ വിവാദങ്ങളില്‍ കുടുങ്ങിയെങ്കിലും ശ്രീരാമകൃഷ്ണന്റെ വിജയം പൊന്നാനിയില്‍ ഉറപ്പാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയുമായുള്ള പരിചയവും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകളും നിയമസഭ സ്പീക്കര്‍ക്കെതിരെ സംസ്ഥാനതലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചെങ്കിലും പൊന്നാനി മണ്ഡലത്തില്‍ ഇത് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നിയമസഭ സ്പീക്കര്‍ക്കെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടതുമുന്നണി 13,​000ത്തില്‍ പരം വോട്ടുകള്‍ക്ക് മുന്നിലാണ്. സ്പീക്കര്‍ക്കെതിരെ യു. ഡി.എഫ് ഉയര്‍ത്തിയ പ്രചാരണങ്ങള്‍ പൊന്നാനിയില്‍ വിലപ്പോയില്ലെന്നതിന് തെളിവായി നേതൃത്വം വിലയിരുത്തുന്നത് തദ്ദേശ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷമാണ്. മണ്ഡലത്തിലെ ഏക നഗരസഭയായ പൊന്നാനിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി ഭരണം നിലനിറുത്തിയത്. വെളിയങ്കോട് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഭരണം പിടിച്ചെങ്കിലും മറ്റിടങ്ങളില്‍ ഇടതു മുന്നണി വലിയ നേട്ടമുണ്ടാക്കി. പെരുമ്ബടപ്പ്, ആലങ്കോട് പഞ്ചായത്തുകള്‍ ഇടതുപക്ഷം പിടിച്ചെടുത്തു.

പി. ശ്രീരാമകൃഷ്ണനെതിരെ യു.ഡി.എഫ് ഉയര്‍ത്തുന്ന വിവാദങ്ങളെ വികസനപ്രവര്‍ത്തനങ്ങള്‍ വച്ച്‌ പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലാണ് സി.പി.എമ്മിന്. മണ്ഡലത്തില്‍ ശ്രീരാമകൃഷ്ണനുള്ള ജനകീയത പകരക്കാരനായി ആരെക്കൊണ്ടു വന്നാലും സാദ്ധ്യമാക്കാനാവില്ലെന്ന ഉറപ്പ് നേതൃത്വത്തിനുണ്ട്. ശ്രീരാമകൃഷ്ണനെ മത്സരരംഗത്തു നിന്ന് മാറ്റുന്നത് അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു. തുടര്‍ ഭരണസാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ ഉറപ്പുള്ള സീറ്റുകളില്‍ പരീക്ഷണത്തിന് മുതിരേണ്ടതില്ലെന്ന തീരുമാനം ശ്രീരാമകൃഷ്ണന് മൂന്നാമതും പൊന്നാനിയില്‍ നറുക്കു വീഴാന്‍ കാരണമാകും.

വിജയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.ടി. ജലീലിനെ വീണ്ടും തവനൂരില്‍ പരിഗണിക്കുന്നത്. എല്ലാവിഭാഗം വോട്ടുകളും നേടാനുള്ള ജലീലിന്റെ കഴിവാണ് തവനൂരില്‍ പുതിയ പരീക്ഷണം വേണ്ട എന്നതിലേക്ക് നേതൃത്വത്തെ എത്തിക്കുന്നത്. ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ എന്നതാണ് സി പി എം ലക്ഷ്യമിടുന്നത്. തവനൂരിലെ പഞ്ചായത്തുകളില്‍ വലിയ ഭൂരിപക്ഷം ഇടതുമുന്നണിക്ക് നേടാനായിരുന്നു. വട്ടംകുളം പഞ്ചായത്താണ് ഇടതുമുന്നണിക്ക് തിരിച്ചടി നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button