നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഡ്രൈഡേ പ്രഖ്യാപിച്ചു
നിയമസഭാപൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ടുമുന്‍പുള്ള 48 മണിക്കൂര്‍ സമയവും വോട്ടെണ്ണല്‍ ദിവസവും സംസ്ഥാനത്ത് മദ്യനിരോധനം (ഡ്രൈഡേ) ഏര്‍പ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, മദ്യഷാപ്പുകള്‍ തുടങ്ങി മദ്യം വിളമ്പുന്നതോ വില്‍ക്കുന്നതോ ആയ എല്ലാ പൊതു-സ്വകാര്യ ഇടങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും. സ്റ്റാര്‍ ഹോട്ടലുകള്‍, നോണ്‍-പ്രൊപ്രൈറ്ററി ക്ലബ്ബുകള്‍ എന്നിവയുള്‍പ്പെടെ ഏത് തരത്തിലുള്ള മദ്യ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ മദ്യം വിളമ്പാന്‍ അനുമതി ഉണ്ടായിരിക്കില്ല. വ്യക്തികള്‍ മദ്യം സംഭരിച്ചുവെക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. അനധികൃതമായി മദ്യം സൂക്ഷിക്കുന്നവര്‍ക്കെതിരെ എക്‌സൈസ് നിയമപ്രകാരം നടപടി സ്വീകരിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യക്കടത്ത് തടയാന്‍ കര്‍ശന പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്.