KERALA

നിയമസഭാ കയ്യാങ്കളി കേസ് 26ലേക്ക് മാറ്റി

നിയമസഭാ കയ്യാങ്കളി കേസിൽ തിരുവനന്തപുരം സിജെഎം കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. ഇ.പി.ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കേസ് പരി​ഗണിക്കുന്നത് മാറ്റിയത്. അന്ന് ഇ.പി.ജയരാജൻ നിർബന്ധമായി ഹാജരാകണമെന്ന് കോടതി അറിയിച്ചു. വിചാരണ തീയതി അന്ന് തീരുമാനിക്കും.
2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എംഎൽഎ, കെ.അജിത്, സി.കെ.സദാശിവൻ, കെ.കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതികൾ.

അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button