നിയമവിരുദ്ധ ബെറ്റിങ് ആപ്പുകൾ: ഗൂഗിളിനും മെറ്റക്കും ഇഡിയുടെ നോട്ടീസ്

ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും ഓൺലൈൻ ബെറ്റിങ് ആപ്പുകളുടെ പേരിൽ നോട്ടീസ് അയച്ച് ഇഡി. ജൂലൈ 21 ന് ഇരു കമ്പനികളുടേയും മേധവികൾ ഡൽഹി ആസ്ഥാനത്ത് ഹാജരാകണമെന്ന് നിർദേശം. ഓൺലൈൻ ബെറ്റിങ് ആപ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇരു കമ്പനികൾക്കും ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്.
ഓൺലൈൻ ബെറ്റിങ് ആപ്പുകളുടെ പ്രോത്സാഹനത്തിന് ഇരു കമ്പനികളും സഹായിക്കുന്നുവെന്നാണ് ഇ ഡി ഉയർത്തുന്ന ആരോപണം. ഗൂഗിൾ മെറ്റാ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തരം ബെറ്റിങ് ആപ്പുകൾക്ക് പരസ്യം നൽകാൻ സാധിക്കുകയും, ഇതുവഴി കൂടുതൽ ആളുകളിലേക്ക് ഈ ആപ്പുകൾ എത്തുന്നുവെന്നുമാണ് ഇ ഡി പറയുന്നത്.
അതിനാൽ തന്നെ ഇരു പ്ലാറ്റ്ഫോമുകൾക്കും നിയമവിരുദ്ധമായ ഇത്തരം ആപ്പുകളിലൂടെ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നാണ് ഇ ഡി ഉന്നയിക്കുന്ന ആരോപണം. ഗൂഗിളും മെറ്റുയും നൽകുന്ന പരസ്യങ്ങൾ ഇത്തരം ആപ്പുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നുവെന്നും അതു വഴി നിരവധി ആളുകൾ ഇത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്മാർ പറയുന്നു.
ജംഗ്ലീ റമ്മി, എ23, ജെറ്റ്വിൻ, പാരിമാച്ച്, ലോട്ടസ്365 മുതലായ ഓൺലൈൻ ബെറ്റിങ് ആപ്പുകൾക്ക് എതിരെ അന്വേഷണം നടക്കുന്നുണ്ട്. ബെറ്റിങ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ചതിന് അഭിനേതാക്കളായ വിജയ് ദേവരകൊണ്ട, റാണ ദഗുബട്ടി,പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്ചു ലക്ഷ്മി എന്നിവർക്കെതിരെയും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.
