KERALANIPAH VIRUS

നിപ സമ്പര്‍ക്ക പട്ടികയില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലയില്‍ ഉള്ളവരും; അതീവ ജാഗ്രത

101 പേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍

മലപ്പുറം കൂടാതെ തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരും നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരത്തുള്ള നാല് പേരില്‍ രണ്ട് പേര്‍ പ്രൈമറി സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരും മറ്റു രണ്ട് പേര്‍ സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലും ഉള്‍പ്പെട്ടവരാണ്. പാലക്കാട് ജില്ലയില്‍ രണ്ട് പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഒരാള്‍ നഴ്‌സും മറ്റൊരാള്‍ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനുമാണ്. പുതിയ കണക്കുകള്‍ പ്രകാരം 350 പേരാണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

101 പേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍. ഇന്ന് ഒന്‍പത് പേരുടെ സാംപിളുകള്‍ പരിശോധിക്കും. നിപ ബാധിച്ചു മരിച്ച 14 കാരന്റെ മാതാപിതാക്കളുടെ സാംപിളുകളും ഇന്ന് പരിശോധിക്കുന്നുണ്ട്.

നിപ രോഗലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കേണ്ടതാണ്. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

മലപ്പുറം ജില്ലയില്‍ പൊതുയിടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനിലായിക്കണം. ഒരു വീട്ടില്‍ ഒരാളേ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളൂവെങ്കില്‍ പോലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല. ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ടെന്‍ഷനുള്ളവര്‍ ദയവായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button