KERALALocal newsMALAPPURAMTRENDING

നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

നാളെ (ജൂലൈ 19) രാവിലെ 11 മണിക്ക് നടത്താനിരുന്ന 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു. പുരസ്‌കാരങ്ങൾ 21ന് വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഇന്നത്തെ അവധി.ഇന്ന് സംസ്ഥാനത്തെ റേഷൻകടകൾക്കും ബാങ്കുകൾക്കും കെഎസ്ഇബിയുടെ ഓഫീസുകൾക്കും അവധിയായിരിക്കും. സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.ഇന്ന് നടത്താനിരുന്ന ഡിഗ്രി അഡ്മിഷൻ നാളത്തേക്ക് മാറ്റി. കാലിക്കറ്റ് സർവ്വകലാശാല ഇന്ന് നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും 22.07.2023 ലേക്ക് മാറ്റിയി. പരീക്ഷ സമയത്തിൽ മാറ്റമില്ല. ഇന്നത്തെ (ജൂലൈ 18 ) മൂല്യനിർണയ ക്യാമ്പുകൾക്ക് അവധി പ്രഖ്യാപിച്ചു. എം ജി സർവ്വകലാശാലയും സാങ്കേതിക സർവകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. എന്നാൽ ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. എറണാകുളം ജില്ലയിൽ ഇന്ന് നടത്താനിരുന്ന വയർമാൻ പ്രാക്ടിക്കൽ പരീക്ഷ ഈ മാസം 27ലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button