നാലു മണിക്കൂറിനകം പൊന്നാനി നഗരം പോസ്റ്റോഫീസ് മാറ്റാൻ അധികൃതരുടെ ധൃതിപ്പെട്ട നീക്കം
പൊന്നാനി: നാലു മണിക്കൂറിനകം പൊന്നാനി നഗരം പോസ്റ്റോഫീസ് മാറ്റാൻ അധികൃതരുടെ ധൃതിപ്പെട്ട നീക്കം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ നടപടി പിൻവലിച്ചു. വിഷയത്തിൽ എം.പിയും എം.എൽ.എയും ഇടപ്പെട്ടു.
പതിറ്റാണ്ടുകളായി പൊന്നാനി കോടതി പടിയിൽ പ്രവർത്തിക്കുന്ന പൊന്നാനി നഗരം പോസ്റ്റോഫീസാണ് അടിയന്തരമായി ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാറ്റാൻ നീക്കം നടന്നത്. വ്യാഴാഴ്ച രാവിലെ ലഭിച്ച ഉത്തരവ് പ്രകാരം അര മണിക്കൂറിനുള്ളിൽ മാറ്റുന്ന വസ്തുക്കളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും നാല് മണിക്കൂറിനകം പോസ്റ്റോഫീസ് മാറാനുള്ള നടപടി സ്വീകരിക്കണമെന്നുമായിരുന്നു. പോസ്റ്റോഫീസിന്റെ പുതിയ ടെണ്ടർ വിളിക്കാനുള്ള സമയത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് ദ്രുതഗതിയിൽ പോസ്റ്റോഫീസ് മാറ്റാൻ നീക്കം നടന്നത്.
സംഭവമറിഞ്ഞ് യു.ഡി.എഫ് പ്രവർത്തകർ പോസ്റ്റോഫീസിലെത്തി പ്രതിഷേധിച്ചു. ഒരു കടലാസ് പോലും നിലവിലെ പോസ്റ്റോഫീസിൽ നിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇതിനിടെ ഇ.ടി മുഹമ്മദ് ബഷീർ എം.പി തിരൂർ പോസ്റ്റൽ സൂപ്രണ്ടുമായി ബന്ധപ്പെട്ട് നടപടി താത്കാലികമായി നിറുത്തിവെക്കാൻ ആവശ്യപ്പെട്ടു. സമീപത്ത് തന്നെ പുതിയ കെട്ടിടം കണ്ടെത്തി സൗകര്യപ്രദമായ സ്ഥലത്തേക്ക് പോസ്റ്റോഫീസ് മാറ്റാനാണ് ശ്രമം.അതേസമയം പുതിയ കെട്ടിടം കണ്ടെത്തുന്നതിനുള്ള നീക്കം ആരംഭിച്ചതായും പൊന്നാനി ടൗണിലെ കെട്ടിട ഉടമയുമായി ഏകദേശ ധാരണയിൽ എത്തിയതായും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു.