KERALA

നാരി തന്നെ കൊതുകിന്നു കൗതുകം: സുന്നി
പണ്ഡിതന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി എം ജി എം



കോഴിക്കോട്: പള്ളിയില്‍ പോകുന്ന സ്ത്രീകളെ അറപ്പും വെറുപ്പും ഉളവാക്കുന്ന വസ്തുവാക്കി അവഹേളിച്ച സുന്നി പണ്ധിതന്‍റെ നിലപാടിനെതിരെ പ്രതിഷേധവുമായി വനിതകള്‍ രംഗത്ത്. കെ എന്‍ എം മര്‍ക്കസ്സുദഅവയുടെ വനിതവിഭാഗമായ എം ജി എം ആണ് വാട്സാപ്പിലൂടെ ഇതിനെതിരെ ക്യാംപയിനുമായി രംഗത്തെത്തിയത്. സ്ത്രീകളെ രണ്ടാംതരമായി കാണുന്ന നിലപാടിനെതിരെ പ്രതിഷേധവും അമര്‍ഷവും പ്രകടിപ്പിക്കുന്ന കുറിപ്പില്‍ ഇതേ സ്ത്രീകളെ ജാറത്തിലേക്കും പാതിരാ വയള് പരമ്പരകളിലേക്കും യാതൊരു ഉളുപ്പുമില്ലാതെ ആനയിക്കുന്നതിനേയും പരിഹസിക്കുന്നുണ്ട്.

വാട്സാപ്പ് കുറിപ്പ്: സമുദായത്തിനു പ്രശ്‌നങ്ങളൊഴിഞ്ഞ നേരമില്ല, എങ്കിലും സ്ത്രീക്ക് ആത്മാവുണ്ടോ എന്നിതുവരെ തീരുമാനമായില്ല പോലും. പെണ്ണെന്നാല്‍ മതപൗരോഹിത്യം പറയുന്ന വഴിയില്‍ അണിഞ്ഞൊരുങ്ങി നടക്കണം. പാതിരാ വഅളുകളിലും, ഉറൂസുകളിലും, നേര്‍ച്ചകളിലും അവരെ എഴുന്നള്ളിക്കണം. ഉറൂസുകളില്‍ ആണ്‍ പെണ്‍ ഇടകലര്‍ന്ന് ബര്‍കത്ത് വാങ്ങണം. പക്ഷേ പുണ്യമായ നമസ്‌കാരങ്ങള്‍ക്ക്, ജുമുഅക്ക്, ഇഅതികാഫിന് ഒന്നും പെണ്ണിനെ പറ്റില്ല. കാരണം അപ്പോള്‍ അവള്‍ മനുഷ്യനല്ല. ഒന്നിനും കൊള്ളാത്ത അറപ്പുളവാക്കുന്ന ദുര്‍ഗന്ധമാണ്. മരണ വീടുകളില്‍ യാസീന്‍ ഓതാനും, പ്രാര്‍ത്ഥനയ്ക്ക് ആമീന്‍ പറയാനും സ്വലാത്ത് ചൊല്ലാനും പെണ്ണിന്റെ സ്വരം വേണം. മയ്യിത്തിന് വേണ്ടി നമസ്‌കരിക്കാന്‍ സമയമായാല്‍ അവളെ അതിന് പറ്റില്ല. അപ്പോള്‍ അവള്‍ രണ്ടാം തരമാണ്. മദ്രസകളിലും, സ്‌കൂള്‍ കോളേജുകളിലുമൊക്കെ ഇപ്പോള്‍ അവളെ പഠിക്കാന്‍ സമ്മതം നല്‍കിയിട്ടുണ്ട്. പക്ഷേ ഒന്നാമതെത്തിയാല്‍ അവള്‍ അടങ്ങിയിരുന്നോണം. ആണ്‍കുട്ടി എത്ര ഗ്രേഡ് കുറഞ്ഞാലും അവന്‍ എവിടെയും വിലസട്ടെ, അതാണ് ന്യായം.

പുരോഹിതന്മാരുടെയും അമീറുമാരുടെയും കൂടെ ദീര്‍ഘയാത്ര നടത്തുന്നതിലും എല്ലാ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലും സിയാറത്ത് ടൂര്‍ നടത്തി വിലസുന്നതിലും തെറ്റില്ല. പ്രശ്‌നം പരിശുദ്ധ കഅബയില്‍ എത്തുമ്പോഴാണ്. അവിടെ ചെന്ന് നമസ്‌കരിക്കേണ്ടതില്ല സ്ത്രീകള്‍ അവരുടെ റൂമുകളില്‍ നിന്ന് നമസ്‌കരിക്കലാണ് ഉത്തമം. പുണ്യം നേടാനും പരിശുദ്ധി പ്രാപിക്കാനുമുള്ള വഴികളില്‍ തടസ്സം സൃഷ്ടിക്കുന്ന ഈ പൗരോഹിത്യത്തെ തള്ളിപ്പറയാന്‍ പറ്റാത്ത വിധത്തില്‍ സ്ത്രീകളെ അവര്‍ അടിമത്തത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ വരച്ചിടുന്ന വരയില്‍ കഴിയുന്ന കാര്യം എത്ര കഷ്ടമാണ്. വിവാഹത്തിനും, പ്രസവിക്കാനും മാത്രം സാധിക്കുന്ന പെണ്ണ്. തലച്ചോറില്ലാത്ത, സ്വന്തമായി മേല്‍വിലാസമോ, തീരുമാനങ്ങളോ ഇല്ലാത്ത പെണ്ണ്. പൗരോഹിത്യം ഈവിധം സ്ത്രീകളെ തടവിലാക്കുന്നു. അതിനാല്‍ പൗരോഹിത്യത്തിന്റെ വേലിക്കെട്ടുകള്‍ അധികം വൈകാതെ അകത്തളങ്ങളില്‍ നിന്നുതന്നെ പൊട്ടിച്ചറിയും. എത്ര കാലമാണ് ഈ വൃത്തികെട്ട ഫത്‌വകള്‍ അവള്‍ ക്ഷമിക്കുക. എല്ലാവര്‍ക്കും എന്തും പറയാനും കൊട്ടാനുമുള്ള ചെണ്ടയല്ല സ്ത്രീയെന്ന് സ്ത്രീ തന്നെ പറയും. അവളുടെ അസ്തിത്വവും സ്വാതന്ത്ര്യവും അവള്‍ക്ക് ബോധ്യമുണ്ട്. പുരുഷന്‍ കല്‍പ്പിക്കുന്നവനും, സ്ത്രീ കല്‍പ്പിക്കപ്പെടുന്നവളുമാക്കി വെച്ച് അധികം സുഖത്തിലിരിക്കാന്‍ മതത്തിന്റെ മറ പിടിക്കരുത് ഒരു പുരോഹിതനും. സമൂഹമാധ്യമങ്ങളിലെ ഇരയാണ് സ്ത്രീ. മത പൗരോഹിത്യത്തിനും ലിബറല്‍ വാദികള്‍ക്കും ഒരുപോലെ. ഒരു പുരുഷന്റെയും ഔദാര്യമല്ല സ്ത്രീ ജന്മവും അവകാശങ്ങളുമെന്ന് ഇനിയെങ്കിലും ഒന്നുറക്കെ പറയൂ സഹോദരിമാരെ എന്ന് പറഞ്ഞാണ് എം ജി എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതിയുടെ പ്രസ്താവന അവസാനിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button