MALAPPURAM

നായർതോട് പാലം; പ്രതീക്ഷകൾക്ക് നിറം പകർന്ന് നിർമാണം പുരോഗമിക്കുന്നു

പുറത്തൂർ പഞ്ചായത്തിന്റെ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നായർതോട് പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പാലം നിർമാണത്തിന്റെ ഭാഗമായുള്ള സ്ലാബിന്റെ കോൺക്രീറ്റ് പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പുറത്തൂർ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ച് തിരൂർ-പൊന്നാനി പുഴക്ക് കുറുകെ നിർമിക്കുന്ന പാലമാണിത്. തീരദേശ മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്ന നായർതോട് പാലം നിർമാണത്തിന് ഡൽഹിയിലുള്ള ഇൻലാന്റ് നാവിഗേഷന്റെ ആസ്ഥാനത്തു നിന്നുള്ള അനുമതി ലഭ്യമായതോടെയാണ് പ്രവൃത്തികൾ വേഗത്തിലായത്.
പാലം യാഥാർത്ഥ്യമാവുന്നതോടെ പടിഞ്ഞാറേക്കര നിവാസികൾക്ക് പുറത്തൂർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലേക്കും ഹയർ സെക്കൻഡറി സ്‌കൂൾ, സാമൂഹികാരോഗ്യകേന്ദ്രം, കൃഷി ഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ചുരുങ്ങിയ സമയത്തിനകം എത്തിച്ചേരാനാകും. നിലവിൽ 15 കിലോമീറ്റർ ചുറ്റി ഒന്നിലധികം ബസുകൾ കയറിയാണ് ഇവർ മറുകരയിലെത്തുന്നത്. കടത്തുതോണി ഉണ്ടെങ്കിലും മഴക്കാലത്ത് പുഴയിലെ കുത്തൊഴുക്ക് കാരണം യാത്ര അപകടകരമാണ്.
പാലം യാഥാർത്ഥ്യമായാൽ പടിഞ്ഞാറേക്കരയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ കാവിലക്കാട് ഭാഗത്തെത്താം. തീരദേശ പാതയ്ക്കും പാലം ഗുണകരമാകും. കോഴിക്കോടുനിന്ന് തീരദേശ റോഡിലൂടെ വരുന്നവർക്ക് ഗതാഗത കുരുക്കിൽപ്പെടാതെ ചമ്രവട്ടം പാലത്തിലെത്താം. പടിഞ്ഞാറേക്കര അഴിമുഖം, ബീച്ച് ടൂറിസം വികസന പദ്ധതികൾക്കും ഈ പാലം ഗുണകരമാകും.
52 കോടിയോളം രൂപ ചെലവഴിച്ചാണ് പാലവും അനുബന്ധ റോഡിന്റെയും നിർമാണം. 432 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. ആറ് മീറ്ററിന്റെ എട്ട് സ്പാനുകളും 35 മീറ്ററിൽ ആറ് സ്പാനുകളും ഉൾപ്പടെ 15 സ്പാനുകളാണ് പാലത്തിനുണ്ടാവുക. ജലഗതാഗതത്തിന് സൗകര്യമാകുന്ന വിധം പാലത്തിന് നടുവിലായി 55 മീറ്റിൽ ഒരു സ്പാനും നിർമിക്കും. 11 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയും ഒരുക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button