”നവയ്ത്തു’ പൊന്നാനി നോമ്പോർമ്മകളുടെ അലങ്കാരം(ടി കെ ഇസ്മായിൽ)
ഒരു പ്രദേശത്തുനിന്നും തൊട്ടടുത്ത മറ്റു ഇടങ്ങളിലേക്ക് ഏറ്റവും കൂടുതൽ ജനങ്ങൾ കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷത്തിനിടയിൽ മാറി താമസിച്ച പ്രദേശം കേരളത്തിൽ പൊന്നാനിയാണ് എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. അത് കൊണ്ട് തന്നെ കാലം വരുത്തിവച്ച മാറ്റങ്ങൾക്ക് വിധേയമാകുമ്പോഴും, തലമുറകളായി പിന്തുടർന്നു പോരുകയും നാടിന്റെ പ്രതിബിംബങ്ങളായി നിലനിന്നിരുന്നതുമായ ഒട്ടുമിക്ക നാട്ടാചാരങ്ങളും, വീട്ടാചാരങ്ങളും, മഹിതമായ പാരമ്പര്യത്തിന്റെ പ്രതീകങ്ങളുമൊക്കെ മറ്റു പ്രദേശങ്ങളിനിന്നും വ്യത്യസ്തമായി കേവലം സ്മരണയോ ചരിത്രമോ ഒക്കെയായി മാറിക്കഴിഞ്ഞിട്ടുണ്ട്.
പുതു തലമുറക്കു തങ്ങളുടെ പൂർവ്വികർ പരമ്പരാഗതമായി ജീവിച്ച പ്രദേശത്തിന്റെ കഴിഞ്ഞുപോയ കാലങ്ങളിലെ ഗൃഹാതുരത്വമുണർത്തുന്ന അതുല്യമായ അനുഭവങ്ങളും, ഓർമ്മകളും, അവരുടെയൊക്കെ നന്മയും, നിഷ്കളങ്കമായ പ്രവർത്തനങ്ങളും, സ്നേഹ പ്രകടനങ്ങളും ഒക്കെ പരസ്പരം ഓർമ്മകളിൽനിന്നും ചികഞ്ഞെടുത്ത് പങ്കുവെക്കുകയും അതിലൂടെ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും മധുര നിമിഷങ്ങൾ പങ്കിടുവാനുമാണ് ‘തൗദാരം” എന്ന കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നതും അതിന്റെ ലക്ഷ്യവുമെന്നാണ് അതിന്റെ സംഘാടകർ അവകാശപ്പെടുന്നത്.
ഗതകാലസുഖസ്മരണകൾ മനസ്സുകളുടെ ആവിർഭവിക്കലായി മാറുന്നതിനെ എല്ലാ തലമുറകൾക്കുമായി പഴമയെ പുനരാവിഷ്കാരമായി കുറിച്ചുവെക്കുവാനുള്ള കഠിന ശ്രമത്തിലാണ് ”തൗദാരം”. പൊന്നാനിയെന്ന പ്രദേശത്തിന്റെ സംസ്ക്കാരത്തിനും നിറച്ചാർത്തു നല്കിയ പവിത്രമായ നോമ്പ് കാലത്തിന്റെ നാടിന്റേതായ അപൂർവ്വ വിശേഷങ്ങൾ പുസ്ത്കത്തിലാക്കുക എന്ന ദൗത്യമാണ് ഇവിടെ സാക്ഷാത്കരിക്കപ്പെടുവാൻ പോകുന്നത്. ”നവയ്ത്തു” എന്ന അന്വർത്ഥമായ പേരിനാൽ പുറത്തിറക്കുവാൻ പോകുന്ന അൻപതോളം എഴുത്തുകാർ അവരുടെ അനുഭവങ്ങളുടെ മനോവികാരം പങ്കുവെക്കുന്ന തീർത്തും നല്ല വായനാനുഭവമായി മാറുമെന്ന് തികഞ്ഞ പ്രതീക്ഷയാണുള്ളത്. ”നവയ്ത്തു” വിന്റെ കവർ പേജ് കഴിഞ്ഞ ദിവസം പൊന്നാനിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ പ്രിയപ്പെട്ട കവിയും, എഴുത്തുകാരനും, വാഗ്മിയുമൊക്കെയായ സ്നേഹസമ്പന്നനായ ആലങ്കോട് ലീലാകൃഷ്ണൻ. ഒമാനിലെ ബിസിനസ് കാരനായ പി വി അബ്ദുറഹീമിന് നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു.
താജ് ബക്കർ രൂപപ്പെടുത്തിയ വ്യത്യസ്തവും, മനോഹരവും, ആകർഷകവുമായ കവർ പേജ് പുസ്തകത്തെ ഏറെ അഴകുള്ളതാക്കും. പ്രമുഖ എഴുത്തുകാരൻ കെ വി നദീറും, പ്രൊഫസ്സർ ഇമ്പിച്ചിക്കോയ തങ്ങളുമാണ് പുസ്തകത്തിന്റെ എഡിറ്റർമാർ. പ്രഗത്ഭ ചിത്രകാരൻ ഭാസ്കർ ദാസിന്റെ വരകൾ ‘നവയ്ത്തുവിനെ കൂടുതൽ പ്രശോഭിപ്പിക്കും . ഇഹ്‌സാൻ സിറാജിന്റെ ഫോട്ടോഗ്രാഫിയും, നാരായണ ഭട്ടതിരിയുടെ ടൈപ്പോഗ്രഫിയുമൊക്കെ ‘നവയ്ത്തു വിനെ കൂടുതൽ ചാരുതയാർന്നതാക്കും. ഈ വിനീതന്റെയും നോമ്പോർമ്മകൾ പുസ്തകത്തിൽ ഉണ്ടാകും.