നഴ്സിങ് കോളേജ് റാഗിങ്: പ്രതികളായ 5 വിദ്യാർത്ഥിളുടെയും തുടർ പഠനം തടയാൻ നഴ്സിങ് കൗൺസിൽ തീരുമാനം

തിരുവനന്തപുരം: നഴ്സിങ് കോളേജിലെ റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥിളുടെയും തുടർ പഠനം തടയാൻ നഴ്സിങ് കൗൺസിൽ അടിയന്തര യോഗത്തിൽ തീരുമാനം. കോളേജ് അധികൃതരെയും സർക്കാരിനെയും തീരുമാനം അറിയിക്കു. ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ബർത്ത് ഡേ ആഘോഷത്തിന് പണം നൽകാത്തതിന്റെ പേരിലായിരുന്ന ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീർക്കാനാണ് വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചതും ക്രൂരമായി മർദ്ദിച്ചതെന്നുമാണ് പ്രതികൾ നൽകിയ മൊഴിയിൽ പറയുന്നത്.റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കാൻ കോളേജ് ഹോസ്റ്റൽ അധികൃതരെ വീണ്ടും ചോദ്യം ചെയ്യും. കോളേജിലെ അധ്യാപകരിൽ നിന്നും മറ്റ് വിദ്യാർത്ഥികളിൽ നിന്നും പോലീസ് വിവരങ്ങൾ അസിസ്റ്റന്റ് വാർഡന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തിൽ ഹോസ്റ്റലിന്റെ പൂർണ നിയന്ത്രണം പ്രതികളടക്കമുള്ള സീനിയർ വിദ്യാർത്ഥികൾക്കായിരുന്നു എന്ന ആരോപണം ഉണ്ട്. കോളേജിലെത്തി അന്വേഷണം നടത്തിയ നഴ്സിങ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ വകുപ്പിന് റിപ്പോർട്ട് കൈമാറും.
റാഗിങ് നടന്ന മുറിയിൽ നിന്ന് കത്തിയും കോമ്പസും ഡംബലും കരിങ്കൽ കഷണങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. റാഗിങ്ങിനെതിരെ 4 വിദ്യാർത്ഥികൾ കൂടി കോളേജിന്റെ ആന്റി റാഗിങ് സെല്ലിൽ പരാതി നൽകി. ഇതിൽ ഒരാൾ പോലീസിനും പരാതി നൽകിയിട്ടുണ്ട്. സീനിയർ വിദ്യാർത്ഥികൾ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ പരാതിക്കാരായ മുഴുവൻ വിദ്യാർത്ഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങൾ ഡിസംബർ 13 ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവൻ വിദ്യാർത്ഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
മൂന്നാം വർഷ വിദ്യാർത്ഥികളായ പ്രതികൾ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. ഒന്നാം വർഷ വിദ്യാർത്ഥിയെ മൂന്നാം വർഷ വിദ്യാർത്ഥികൾ ചേർന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.കോമ്പസ് ശരീരത്തിൽ കുത്തിവെച്ച് മുറിവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷൻ ഉപയോഗിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർത്ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും വീണ്ടും ഉപദ്രവിക്കുന്നത് വ്യക്തമാണ്.
