“നല്ലോണം മീനോണം” എച്ച് ആർ ഇന്റഗ്രേറ്റഡ് ഫാമിംഗ് – ഫിഷറീസ് ഡിപ്പാർട്ട്മെന്റ് സംയുക്തമായി മത്സ്യ വിളവെടുപ്പ്

ചങ്ങരംകുളം: ഓണം ആഘോഷങ്ങളുടെ ഭാഗമായി ശുദ്ധജലമത്സ്യം ആരോഗ്യസുരക്ഷക്ക് എന്ന ലക്ഷ്യവുമായി നടത്തപ്പെടുന്ന “നല്ലോണം മീനോണം” എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലംകോട് പഞ്ചായത്തിലെ അരുൺ കോട്ടയിൽ എന്ന കർഷകന്റെ കക്കിടിപ്പുറത്തുള്ള കൃഷിയിടത്തിൽ (എച്ച് ആർ ഇന്റഗ്രേറ്റഡ് ഫാം) വെച്ച് നടന്നു.എച്ച് ആർ ഇന്റഗ്രേറ്റഡ് ഫാമിംഗിന്റെ വേദിയിൽ വച്ചായിരുന്നു ഉദ്ഘാടന സമ്മേളനം.തുടർന്ന് മത്സ്യ വിളവെടുപ്പും വില്പനയും നടന്നു. നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും സജീവ പങ്കാളിത്തം പരിപാടിയുടെ മേന്മ വർദ്ധിപ്പിച്ചു.പരിപാടി പൊന്നാനി മണ്ഡലം എം.എൽ.എ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സഹീർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ചന്ദ്രമതി,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഷിക് ബാബു,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. രാമദാസ്,ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ,പ്രൊജക്റ്റ് കോർഡിനേറ്റർമാർ,അക്വാക്കൾച്ചർ പ്രൊമോട്ടർമാർ തുടങ്ങിയവരും മത്സ്യകർഷകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു
