നരിപ്പറമ്പ്–പൊന്നാനി റോഡ്:വാരിക്കുഴി കോൺക്രീറ്റ് ചെയ്തില്ല; റോഡിലെ കുഴിയിൽ ലോറി താഴ്ന്നു


പൊന്നാനി: ശുദ്ധജല പൈപ്പ് അറ്റകുറ്റപ്പണി നടത്താൻ കുഴിയെടുത്ത ഭാഗത്ത് കോൺക്രീറ്റ് ചെയ്തില്ല. റോഡിലെ കുഴിയിൽ ലോറി താഴ്ന്നു. നരിപ്പറമ്പ്–പൊന്നാനി റോഡിൽ ആർവി പാലസിന് സമീപത്താണ് ഇൗ ദുരവസ്ഥ. രണ്ടു തവണ കോൺക്രീറ്റ് ചെയ്ത ഭാഗമാണ് ശുദ്ധജല പൈപ്പിൽ ചോർച്ച വന്നതിനെത്തുടർന്ന് വീണ്ടും പൊളിച്ചിരുന്നത്. ഇനി ചോർച്ച സംഭവിക്കാതിരിക്കാൻ പുതിയ പൈപ്പ് സ്ഥാപിച്ചെങ്കിലും കോൺക്രീറ്റ് ചെയ്തിരുന്നില്ല. റോഡിൽ മണ്ണ് ഉറയ്ക്കുന്നതിനും പൈപ്പ് സുരക്ഷിതമായെന്ന് ഉറപ്പാക്കുന്നതിനുമായി 10 ദിവസം നിരീക്ഷിച്ചതിനു ശേഷമേ കോൺക്രീറ്റ് ചെയ്യുകയുള്ളൂ എന്ന് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
20 ദിവസം പിന്നിട്ടിട്ടും കുഴിയടയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. പഴയ കരാറുകാരന്റെ ഉത്തരവാദിത്തത്തിൽ തന്നെ കുഴിയടയ്ക്കാനാണ് ജല അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. രണ്ടു തവണ തുടർച്ചയായി കോൺക്രീറ്റ് തകർന്നതിനാലും പൈപ്പ് പൊട്ടിയതിനാലും ജല അതോറിറ്റി ഏറെ കരുതലോടെയാണ് ഇത്തവണ പൈപ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. കോൺക്രീറ്റും ഉറപ്പോടെ പൂർത്തീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ലോറികൾ ഇൗ കുഴിയിൽ അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്.
