സെവന്‍സ് ഫുട്‌ബോള്‍ റഫറി ആലിക്കോയ അന്തരിച്ചു
കോഴിക്കോട്: സെവൻസ് ഫുട്ബോൾ രംഗത്തെ പ്രശസ്തനായ റഫറി ആലിക്കോയ അന്തരിച്ചു. കോഴിക്കോട് അരീക്കാട് കോട്ടുമ്മൽ സ്വദേശിയായ ആലിക്കോയ സെവൻസ് ഫുട്ബോളിനെ ജനകീയമാക്കിയതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്. കുറച്ചുകാലമായി കളിക്കളത്തുനിന്നും വിട്ടുനിന്ന ആലിക്കോയ അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.
കേരളത്തിലുടനീളം സെവൻസ് ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിച്ച ഇദ്ദേഹം ഫുട്ബോൾ താരങ്ങളേക്കാൾ കൂടുതൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വാശിയേറിയ മത്സരങ്ങളിൽ ആലിക്കോയയുടെ നിർണായക തീരുമാനങ്ങൾ ഫുട്ബോൾ ആരാധകരുടെ മനം കവർന്നു.
ഐം.എം. വിജയൻ, ആസിഫ് സഹീർ, ജോ പോൾ അഞ്ചേരി, അനസ് എടത്തൊടിക തുടങ്ങിയ മലയാളികളായ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ വരെ ആലിക്കോയയുടെ കീഴിൽ കളിച്ചിട്ടുണ്ട്. യുദ്ധസമാനമായ സെവൻസ് ഫുട്ബോളിനെ ഒരൊറ്റ വിസിൽ കൊണ്ട് നിയന്ത്രിക്കാനുള്ള അസാമാന്യമായ പാടവം ആലിക്കോയയ്ക്ക് ഉണ്ടായിരുന്നു.
2008 മുതൽ 2013 വരെ കോതമംഗലം ചെറുവട്ടൂരിൽ അരങ്ങേറിയ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആലിക്കോയയുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടന്നത്. കണിശതയോടെ മത്സരം നിയന്ത്രിച്ച ആലിക്കോയ കുറച്ചുകാലമായി ഫുട്ബോൾ രംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു.
ആലിക്കോയ വിടവാങ്ങുന്നതോടെ സെവൻസ് ഫുട്ബോളിലെ വലിയൊരു യുഗത്തിനാണ് അവസാനമാകുന്നത്.