നദികളിൽ ജലനിരപ്പുയർന്നു: ഭാരതപ്പുഴയുടെ തീരത്ത് ആശങ്ക; ചമ്രവട്ടത്ത് ജലനിരപ്പ് 2.8 മീറ്റർ


പൊന്നാനി: ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു. ചമ്രവട്ടത്ത് ജലനിരപ്പ് 2.8 മീറ്ററായി ഉയർന്നു. 4 ഷട്ടറുകളൊഴികെ ബാക്കിയെല്ലാം തുറന്നിട്ടിരിക്കുകയാണ്. രണ്ടാഴ്ച മുൻപുണ്ടായ തുടർച്ചയായ മഴയിൽ ജലനിരപ്പ് 3.3 മീറ്റർ വരെ എത്തിയിരുന്നു. അന്നത്തെ സാഹചര്യം ഇന്നില്ലെങ്കിലും ജലനിരപ്പിലെ തുടർച്ചയായ വ്യതിയാനം ആശങ്കപ്പെടുത്തുന്നുണ്ട്. 5.5 മീറ്റർ ഉയരത്തിൽവരെ ജല നിരപ്പ് റഗുലേറ്ററിന് താങ്ങാനാകും.
2018ലെ പ്രളയ കാലത്ത് ഉയർന്ന ജലനിരപ്പ് 4.8 മീറ്ററായിരുന്നു. ജലനിരപ്പ് ഇനിയും ഉയർന്നാൽ കരയിലേക്ക് വെള്ളം കയറിത്തുടങ്ങും. ഇൗശ്വരമംഗലം മേഖലയിലെ മഴവെള്ളം പുഴയിലേക്ക് ഒഴുക്കാൻ കർമ റോഡിനടിയിൽ സ്ഥാപിച്ച പൈപ്പുകളിലൂടെ പുഴ വെള്ളം കരയിലേക്ക് ഇരച്ചു കയറുന്ന സാഹചര്യമാണ് തീരവാസികളെ ഭയപ്പെടുത്തുന്നത്. ഇൗ പൈപ്പ് മൂടി പുഴയിലെ ജലനിരപ്പെത്തിയാൽ ഇൗശ്വരമംഗലം മേഖല വെള്ളത്തിലാകും.
ഇപ്പോൾ തന്നെ ഇൗശ്വരമംഗലത്ത് പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വേലിയേറ്റ സമയങ്ങളിൽ പൊന്നാനിയിൽ കടലാക്രമണ ഭീഷണിയുമുണ്ട്. ശക്തമായ തിരയടിയാണ് വേലിയേറ്റ സമയങ്ങളിലുണ്ടാകുന്നത്. കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങിയില്ല. വള്ളങ്ങളും ബോട്ടുകളും തീരത്തോടുചേർന്ന് നങ്കൂരമിട്ടിരിക്കുകയാണ്.
നദികളിലെ ജലനിരപ്പ്ഭാരതപ്പുഴയിൽ ചമ്രവട്ടത്ത് 2.8 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. രണ്ടാഴ്ച മുൻപ് 3.3 മീറ്റർ വരെ ഉയർന്നിരുന്നു. ചമ്രവട്ടം റഗുലേറ്ററിന്റെ 4 ഷട്ടറുകൾ ഒഴികെയുള്ളവ തുറന്നിട്ടിരിക്കുകയാണ്. ചാലിയാറിൽ കുനിയിലെ കണക്കനുസരിച്ച് 3.34 മീറ്ററാണ് ജലനിരപ്പ്. 11.85 മീറ്ററാണ് ഇവിടത്തെ അപകടനിലയായി കണക്കാക്കുന്നത്. കടലുണ്ടിപ്പുഴയിൽ കാരാത്തോട്ടെ കണക്കനുസരിച്ച് 4.83 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. ഇവിടെ 13 മീറ്ററെത്തിയാലാണ് അപകടകരമായി കണക്കാക്കുന്നത്.
