നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം അതുല്യ നടന്‍ പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകീട്ടോടെ ആരോഗ്യനില മോശമാകുകയായിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981ല്‍ പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് ഷാനവാസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1982ല്‍ അദ്ദേഹം ആറ് സിനിമകളില്‍ വേഷമിട്ടതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
മഴനിലാവ്, ഈയുഗം, നീലഗിരി, ചൈനാ ടൗണ്‍, ഗര്‍ഭശ്രീമാന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ചിത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവില്‍ വേഷമിട്ടത്.
കൂടാതെ ശംഖുമുഖം, വെളുത്തകത്രീന, കടമറ്റത്തുകത്തനാര്‍, സത്യമേവ ജയതേ, സമ്മന്‍ ഇന്‍ അമേരിക്ക മുതലായ സീരിയലുകളിലും വേഷമിട്ടു.
ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷ. മക്കള്‍: ഷമീര്‍ ഖാന്‍, അജിത് ഖാന്‍
