EDAPPAL
കൂടല്ലൂരിലെ ചെങ്കല്ല് ഗുഹയിൽ 3 അറകൾ കണ്ടെത്തി

എടപ്പാൾ : കൂടല്ലൂരിൽ കണ്ടെത്തിയ ചെങ്കല്ല് ഗുഹയിൽ നടത്തിയ ഖനനത്തിൽ 3 അറകൾ കണ്ടെത്തി. ആദ്യഘട്ട പരിശോധനയിൽ 2 അറകൾ ആണ് കണ്ടിരുന്നത്. ഗവേഷകരുടെ നേതൃത്വത്തിൽ വിശദ പരിശോധന നടത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഖനനം നടത്തിയപ്പോഴാണ് 3 അറകൾ കണ്ടത്.
കവാടങ്ങളിലേക്കു കടക്കുന്ന ഇടനാഴിക്ക് പതിവിൽനിന്നു വ്യത്യസ്തമായി ത്രികോണ ആകൃതി ആണുള്ളത്. അതിലേക്ക് ഇറങ്ങുന്നതിന് കൽപ്പടവുകളും ചെങ്കല്ലിൽ തന്നെ വെട്ടി ഉണ്ടാക്കിയിരിക്കുന്നു. ഇതിന്റെ പ്രവേശന കവാടങ്ങൾ തുറന്നാൽ മാത്രമേ അറയ്ക്കുള്ളിൽ എന്തെല്ലാം ശേഷിപ്പുകളാണ് ഉള്ളതെന്ന് വ്യക്തമാകൂ.
മനോഹരമായ രീതിയിൽ വെട്ടി ഉണ്ടാക്കിയതാണ് ഇപ്പോൾ കണ്ടെത്തിയ ഇടനാഴി. അറകൾ എല്ലാം കല്ലുവച്ച് അടച്ച നിലയിലാണ്.
