ദേശീയ ദിനത്തിൽ മാറഞ്ചേരിക്കാരുടെ ആഘോഷപ്പന്തൽ

മാറഞ്ചേരി പ്രവാസി കൂട്ടായ്മ തണ്ണീർ പന്തൽ യു എ ഇ യുടെ അൻപതാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “മലബാർ ഗോൾഡ് & ഡയമണ്ട്സ് ആഘോഷപ്പന്തൽ ആറാമത് എഡിഷൻ ” വിവിധ കലാ കായിക പരിപാടികളോടെ ദുബായ് സ്കൗട്ട് മിഷൻ സ്കൂളിൽ അരങ്ങേറി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് തണ്ണീർ പന്തൽ പ്രസിഡന്റ ബഷീർ സിൽസില യു എ ഇ പതാക ഉയത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. 2015 മുതൽ തുടങ്ങിയ ആഘോഷപ്പന്തൽ തുടർച്ചയയായ അഞ്ചു വർഷങ്ങൾക്കു ശേഷം കോവിഡ് മൂലം ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും അരങ്ങേറിയത്. മാറഞ്ചേരി പഞ്ചായത്തിലെ പ്രവാസികളുടെ 9 ടീമുകൾ പങ്കെടുത്ത കായിക മത്സരങ്ങളിൽ താമലശ്ശേരി ടൈഗേഴ്സ് ഓവറോൾ ചാമ്പ്യന്മാരായി. കിങ്സ് കാഞ്ഞിരമുക്ക് ,നാലകം ബ്ലാസ്റ്റേഴ്സ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. സ്ത്രീകൾക്കും കുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഏറെ വാശിയേറിയ കമ്പവലി മത്സരത്തിൽ കിങ്സ് കാഞ്ഞിരമുക്ക്, പനമ്പാട് പാന്തേഴ്സ് , പരിച്ചകം ഫാൽക്കൺസ് എന്നീ ടീമുകൾ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. നാട്ടിൽ നിന്നും കൊണ്ടുവന്ന പനങ്കുരു ഉപയോഗിച്ചുള്ള നാടൻ കളിയായ “സ്രാദും” ഒരു മത്സര ഇനമായിരുന്നു. കഴിഞ്ഞ കോവിഡ് ലോക്ക്ഡൌൺ പ്രതിസന്ധികളിൽ റൂമുകളിൽ ഒതുങ്ങിക്കഴിയേണ്ടി വന്ന ആളുകൾക്കു, കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് കിട്ടിയതോടെ നടത്തപ്പെട്ട ആഘോഷപ്പന്തൽ വലിയൊരാശ്വാസമായി. ഗവർമെന്റ് നിർദേശങ്ങക്കനുസരിച്ചുള്ള എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് പരിപാടി അരങ്ങേറിയത്. മത്സര ഇനങ്ങൾക്ക് പുറമെ കോൽക്കളിയും, ശിങ്കാരി മേളവും, ഡിജെ അസീറും വാട്ടർ ഡ്രമ്മർ അസ്ലമും ചേർന്ന സംഗീത പരിപാടിയുമുണ്ടായിരുന്നു. ഓവറോൾ ചാമ്പ്യന്മാർക്കു റമീന ടീച്ചർ മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും കമ്പവലി വിജയികൾക്ക് മൊയ്ദുട്ടി മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും നൽകി. 39 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന മാക്കാട്ടിപ്പറമ്പിൽ അബ്ദുൽ അസീസിനെ മോമെന്റോ നൽകി ആദരിച്ചു. അക്ബർ ,നൗഷാദലി, റയീസ്, എന്നിവരോടൊപ്പം മറ്റു എക്സ്ക്യൂട്ടീവ് അംഗങ്ങളും മത്സങ്ങൾ നിയന്ത്രിച്ചു. ഫ്രൈഡേ സ്പൈസസ് എം ഡി അബ്ദുൽ മുനീർ പി ടി , ലത്തീഫ് കൊട്ടിലുങ്ങൽ, നിയാസ് എൻ കെ , നജീം റഹ്മാൻ, സജീർ ബിൻ മൊയ്ദു, ഷുക്കൂർ മന്നിങ്ങയിൽ, സുകേഷ് ഗോവിന്ദൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചെയ്തു. സുധീർ മന്നിങ്ങയിൽ സ്വാഗതവും ഷമീം മുഹമ്മദ് നന്ദിയും പറഞ്ഞു.
