ദേശീയപാതാ വികസനം : ഉറൂബ്‌നഗറിൽ വേണം അടിപ്പാത
പൊന്നാനി: ആറുവരിപ്പാത നിർമാണത്തിൽ ഉറൂബ് നഗർ ജങ്ഷനിൽ അടിപ്പാത വേണമെന്നാവശ്യം. വൺവേ സമ്പ്രദായം വഴി പൊന്നാനിയിലെ സ്വകാര്യബസുകളെല്ലാം കടന്നുപോകുന്ന പ്രധാന പാത ദേശീയപാതയ്ക്ക് കുറുകേയാണ് കടന്നുപോകുന്നതെങ്കിലും ഇവിടെ അടിപ്പാത നിർമിക്കാതെയാണ് പാതാ വികസനം. പ്രധാന ജങ്ഷനായിരുന്നിട്ടുകൂടി ഈഭാഗത്ത് അടിപ്പാതയോ മേൽപ്പാലമോ നിർമിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടില്ല.
ബസ്‌സ്റ്റാൻഡിൽനിന്നെടുക്കുന്ന സ്വകാര്യ ബസുകൾ കൊല്ലൻപടി, ഉറൂബ് നഗർ വഴിയാണ് ചന്തപ്പടിയെത്തുന്നത്. ഉറൂബ് നഗറിൽ ദേശീയപാതയ്ക്ക് കുറുകേയാണ് റോഡ് കടന്നുപോകുന്നത്. ആറുവരിയാക്കുമ്പോൾ ദേശീയപാതയിലെവിടേയും ക്രോസിങ്ങുകൾ ഇല്ലാത്തതിനാൽ അടിപ്പാതയോ മേൽപ്പാലമോ നിർമിക്കുകയാണ് പതിവ്. ചമ്രവട്ടം ജങ്ഷനിലും പള്ളപ്രത്തും ഇത്തരത്തിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നുണ്ട്.
ഉറൂബ് നഗറിൽനിന്ന് പള്ളപ്രത്തേക്ക് അരക്കിലോമീറ്ററോളം ദൂരമാണുള്ളത്. ഇതിനിടയിൽ അടിപ്പാത നിർമിക്കുമ്പോൾ പാതയുടെ ഘടനയിൽ വലിയ മാറ്റംവരും. പള്ളപ്രത്തെ പാലത്തിനടിയിലൂടെ വാഹനങ്ങൾക്ക് തിരിഞ്ഞുവരാമെന്ന കണക്കുകൂട്ടലിലാണ് ഉറൂബ് നഗറിൽ അടിപ്പാത പരിഗണിക്കാത്തത്. എന്നാൽ, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇത്തരത്തിൽ പാലത്തിനടിയിലൂടെ തിരിഞ്ഞുവരാൻ ബുദ്ധിമുട്ടാണെന്നും ഇത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്.
ഉറൂബ് നഗറിൽ ദേശീയപാത മുറിച്ചുകടക്കാൻ സംവിധാനമൊരുക്കിയിട്ടില്ലെന്ന് സന്നദ്ധ സംഘടനയായ കർമയുടെ പ്രസിഡന്റ് ബഷീർ കഴിഞ്ഞദിവസം മെട്രോമാൻ ഇ. ശ്രീധരന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹം സ്ഥലം സന്ദർശിക്കുകയും ദേശീയപാതാ ലൈസൺ ഓഫീസർ പി.പി. മുഹമ്മദ് അഷ്‌റഫ്, കരാർ കമ്പനിയായ കെ.എൻ.ആർ.സി.യുടെ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ വീര റെഡ്ഡി എന്നിവരുമായി ചർച്ചചെയ്ത് അടിപ്പാതയുടെ രൂപരേഖയുണ്ടാക്കി. വിഷയം കേന്ദ്ര മന്ത്രിയുടേയും ദേശീയപാതാ അതോറിറ്റി ചെയർമാന്റേയും ശ്രദ്ധയിൽപ്പെടുത്തി അടിപ്പാത നിർമാണത്തിന് ആവശ്യമായ ഇടപെടൽ നടത്താമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.