ദുഃഖാചരണം നിലനിൽക്കേ തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ പരിപാടി സംഘടിപ്പിച്ചു; ഉമ്മൻ ചാണ്ടിയോട് അനാദരവ് കാണിച്ചതായി കോൺഗ്രസ്സ്


കൂറ്റനാട്: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കേരള സർക്കാർ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദുഖാചരണം കാറ്റിൽ പറത്തിക്കൊണ്ട് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിപാടി സംഘടിപ്പിച്ച് ഉമ്മൻചാണ്ടിയോട് അനാദരവ് കാണിച്ചതായി കോൺഗ്രസ് നേതാക്കൾ പരാതിപ്പെട്ടു. ഇന്ന് രാവിലെ കൂറ്റനാട് നാഗലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ശുചിത്വമിഷന്റെ പരിശീലന പരിപാടിയാണ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബാവ മാളിയേക്കൽ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പരിപാടി സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും നിർത്തിവക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ നേരത്തെ തീരുമാനിച്ച പരിപാടി മാറ്റിവെക്കാൻ ആവില്ലെന്ന് പറഞ്ഞുകൊണ്ട് പരിപാടി തുടരുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും നിലവിലെ എംഎൽഎയും കേരള ജനതയുടെ കണ്ണിലുണ്ണിയുമായ ജനകീയ നേതാവിന്റെ വിയോഗത്തിന് ശേഷവും അദ്ദേഹത്തെ അപമാനിക്കുന്ന രൂപത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തിച്ചത് തീർത്തും പ്രതിഷേധാർഹം ആണെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് ഒ. കെ ഫാറൂഖ് പറഞ്ഞു. എന്നാൽ നേരത്തെ തിയ്യതി നിശ്ചയിച്ച പരിപാടി ആയതിനാൽ മറ്റു ചടങ്ങുകൾ പൂർണ്ണമായും ഒഴിവാക്കി പരിശീലന പരിപാടി മാത്രമാണ് സംഘടിപ്പിച്ചതെന്നും ഉദ്ഘാടനം, ആശംസ പോലെയുള്ള ചടങ്ങുകൾ ഒഴിവാക്കി ജില്ലാ തലത്തിൽ നിന്ന് പരിശീലനം നൽകാൻ വന്നവർക്ക് വേദിയൊരുക്കി നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിപി റജീന നൽകുന്ന വിശദീകരണം.
